അടിമാലി: പഞ്ചായത്തിലെ വനവാസി കോളനികളില്‍ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. മദ്യവും, മയക്കുമരുന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് നിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണം.
കുടുംബ പ്രശ്നവും, കുട്ടികളില്‍ ആഢംമ്പര ജീവിതത്തോടുള്ള അമിതാവേശവുമാണ് കൂടുതലും മരണകാരണങ്ങളെന്ന് പോലീസ് രേഖകളില്‍ വ്യക്തമാക്കുന്നു. അടിമാലി പഞ്ചായത്തിലെ 27 വനവാസി കോളനികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം എട്ട് ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ കാലത്ത് മാത്രം അഞ്ച് മരണങ്ങള് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തട്ടേ കണ്ണന് കുടിയില്‍ വീട്ടമ്മയുടെ മരണവും, കുളമാന്‍ കുഴി കോളനിയിലെ രണ്ട് കുടുംബത്തിലെ രണ്ട് പേരുടെ മരണവും കഴിഞ്ഞ ആഴ്ച സംഭവിച്ചതാണ്.
കൂടുതല്‍ പേര് താമസിക്കുന്ന ദേവികുളം താലൂക്കിലെ മറയൂര്‍, വട്ടവട, മാങ്കുളം പഞ്ചായത്തുകളില്‍ രണ്ടും, മൂന്നും ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിക്കുന്നതില്‍ കൂടുതലും സ്ത്രീകളും, കുട്ടികളുമാണ്. ഗ്രഹനാഥന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം കുടുംബങ്ങളില്‍ ഉണ്ടാകുന്ന കലഹങ്ങളാണ് കൂടുതല്‍ മരണങ്ങളുടെയും കാരണമെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ജീവിതം താളം തെറ്റുന്നതും മരണത്തിന് കാരണമാകുന്നുണ്ട്. രണ്ട് പേര് ചേര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്ത നാല് കേസുകള്‍ ഉണ്ടായി.
കൂടാതെ ഒറ്റക്ക് ജീവനൊടുക്കുവാന്‍ ശ്രമിച്ച് രക്ഷപ്പെട്ട എട്ട് കേസുകളും രണ്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല വനവാസി കുടികളിലും പുറം ലോകത്തുള്ളവരുടെ കടന്ന് കയറ്റം വനവാസികളുടെ ജീവിതചര്യകള്‍ക്ക് എതിരാകുന്നതായി പല കുടികളിലേയും ഊരുമൂപ്പന്മാര് പറയുന്നു. അനാവശ്യമായ ഇത്തരക്കാരുടെ കടന്ന് കയറ്റം തടയുവാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും ഇവര്‍ പറയുന്നു വകുപ്പുണ്ട് പേരിന് മാത്രം വനവാസി കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പും അവരുടെ കീഴില്‍ പ്രമോട്ടര്‍മാരും ഉണ്ട്. കുടതെ പോലീസ് വകുപ്പില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ആശ വര്‍ക്കര്‍മാരും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും മറ്റുമായി ഇവിടങ്ങളില്‍ പോകേണ്ടതാണ് എന്നാല്‍ ഇതൊന്നും പല ഊരുകളിലും നടക്കുന്നില്ല. കുടുംബ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടേണ്ട ജനമൈത്രി പോലീസ് മാസങ്ങള്‍ കുടുമ്പോള്‍ പേരിന് മാത്രമാണ് എത്തുന്നതെന്നും വനവാസികള്‍ പറയുന്നു.
ഊരുകളിലെ ചെറിയ പ്രശ്നങ്ങളില്‍ ഇടപെടേണ്ട പ്രമോട്ടര്‍മാരില്‍ പലരും ട്രൈബല്‍ ഓഫീസുകളില്‍ മാത്രം കഴിഞ്ഞ് കുടുന്നതായും ആരോപണമുണ്ട്. മാസത്തില്‍ ഒരിക്കല്‍ കുടേണ്ട ഊരു കൂട്ടങ്ങള്‍ പലയിടത്തും കൃത്യമായി നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: