കട്ടപ്പന: കട്ടപ്പന മാര്‍ക്കറ്റില്‍ പഴവര്‍ഗ കച്ചവടം നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ ഭാര്യക്കും ഭാര്യാമാതാവിനും വെള്ളയാംകുടി ഭാഗത്തെ ആശാ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു, കട്ടപ്പനയില്‍ ആശങ്ക പടരുന്നു.
ആശാ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. ഇവര്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഏലപ്പാറയിലെ ഡോക്ടര്‍ക്കും ആശാപ്രവര്‍ത്തകയ്ക്കും രോഗം കണ്ടെത്തിയിരുന്നു.
നിലവിലെ രോഗി വെള്ളയാംകുടിയിലെ കോളനി ഭാഗത്താണ് താമസിക്കുന്നത്. അടുത്തടുത്ത് വീടുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ട സാഹചര്യമാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ പനി പരിശോധിക്കാനും മറ്റുമായി ആശാ പ്രവര്‍ത്തകയെ നിയോഗിച്ചിരുന്നു. അതിനാല്‍ ഇവരുമായി സമ്പര്‍ക്കമുള്ള ആശുപത്രി ജീവനക്കാരെയും ക്വാറന്റൈനില്‍ ആക്കും. ഇവര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ കണ്ടെത്തി വരികയാണ്.
ഡ്രൈവറുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ 19ന് തന്നെ സവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താന്‍ നടപടി തുടങ്ങി.
ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 25 പേരെ ഇതുവരെ കണ്ടെത്തി. കുടുംബത്തിലുള്ള രണ്ട് പേരുടെ കൂടി സ്രവം ഇനിയും പരിശോധിക്കാനുണ്ട്. അതേ സമയം ഇത്തരം കേസുകള്‍ എവിടേയും എപ്പോഴും ഉണ്ടാകാം എന്നുള്ളതിനാല്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത തുടരണമെന്നാണ് ഡിഎംഒ അടക്കമുള്ളവര്‍ നിര്‍ദേശിക്കുന്നത്.
രണ്ട് വാര്‍ഡുകള്‍ ഹോട്ട്സ്പോട്ടാക്കി
കൊറോണ സ്ഥിരീകരിച്ച കട്ടപ്പന മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡും രാജകുമാരി പഞ്ചായത്തിലെ എട്ടാം വാര്‍ഡും ഹോട്ട്സ്പോട്ടു(കണ്ടെയ്ന്റ്മെന്റ് സോണു) കളായി പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കട്ടപ്പനയില്‍ പുതിയ ഹോട്ട്സ്പോട്ട് വരുന്നത്. മുമ്പ് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും 17-ാം വാര്‍ഡിലെ കട്ടപ്പന മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ഹോട്ട്സ്പോട്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: