നാടകത്തിലൂടെ അഭിനയലോകത്തെത്തി അവിടെ അനിഷേധ്യമായ സ്ഥാനം ഉറപ്പിച്ചവരാണ് കെ.പി.എ.സി ലളിത, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം തുടങ്ങിയവര്‍. ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നവര്‍. ഈ തലമുറയില്‍ നിന്ന് അവര്‍ക്ക് പിന്‍ഗാമിയായി ഒരു പെണ്‍കുട്ടി കൂടി കടന്നു വരുന്നു- മരിയ പ്രിന്‍സ്. അനവധി വേദികള്‍ പിന്നിട്ട വെയില് എന്ന നാടകത്തില്‍ വേദ എന്ന കേന്ദ്രകഥാപാത്രമായി തിളങ്ങിയ മരിയ ഇന്ന് കലാലോകത്ത് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയിലെ ആറ് മിനിറ്റ് നീണ്ടു നില്ക്കുന്ന ഡബ്സ് മാഷ് വീഡിയോയിലൂടെ ശ്യാമളയെ പുനരാവിഷ്കരിച്ചിരിക്കുന്നത് മരിയയാണ്. 20 ലക്ഷത്തിലേറെ ആളുകളാണ് ഇതിനോടകം ആ വീഡിയോ കണ്ടത്.
ശോഭന,രേവതി, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച് മനോഹരമാക്കിയ രംഗങ്ങളാണ് ഡബ്സ് മാഷ് വീഡിയോകള്‍ക്കായി മരിയ തിരഞ്ഞെടുക്കാറ്. ആ കഥാപാത്രങ്ങളോട് ഇഷ്ട്ടം കൂടാന്‍ കാരണം, ഭാഗ്യലക്ഷ്മി ചേച്ചിയുടെ മനോഹരമായ ശബ്ദം ഉള്ളതുകൊണ്ട് കൂടിയായിരുന്നു വെന്ന് മരിയ പറയുന്നു. അങ്ങനെ പുതിയ ഡബ്സ്മാഷ് ചെയ്യാന്‍ വേണ്ടി, ചിന്താവിഷ്ടയായ ശ്യാമളയിലെ ഇഷ്ടപ്പെട്ട ഒരു രംഗം തിരഞ്ഞെടുത്ത്, 6.15 മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ആയി ചിത്രീകരിച്ചു. സംഭാഷണം നന്നായി കേട്ട് പഠിച്ചതിന് ശേഷം, ക്യാമറയുടെ മുന്പില് നിന്ന് പൊസിഷന്‍സ് നേരെയാക്കി. ആവശ്യമായ പ്രോപ്പര്‍ട്ടീസും ഉപയോഗിച്ച് 4-5 തവണ റിഹേഴ്സലും നടത്തിയ ശേഷമാണ് ആ സീന്‍ പുനരാവിഷ്കരിച്ചത്. അങ്ങനെയാണ് മരിയ, ശ്യാമളയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ഇടുക്കി സ്വദേശിനിയാണ് മരിയ. ചെറുപ്പം മുതലേ പാട്ടിനോടും ഡാന്‍സിനോടും ഏറെ താല്പര്യമുണ്ടായിരുന്നെങ്കിലും നൃത്തം അഭ്യസിക്കാന്‍ അന്നത്തെ ജീവിത സാഹചര്യം അനുവദിച്ചിരുന്നില്ല. കളിക്കൂട്ടുകാരനും സഹപാഠിയും ആയ പ്രിന്‍സ് ആന്റണി അഗസ്റ്റിന്റെ ജീവിത സഖിയായത് 2015 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍. കല്യാണ ശേഷം ഇടുക്കിയിലെ ഒരു പ്രാദേശിക ചാനലില്‍ പ്രോഗ്രാം ചെയ്യുമ്പോഴാണ് സുഹൃത്തായ ആദിത്യന് രാജാക്കാട് മുഖേന പ്രൊഫഷണല്‍ നാടകത്തിലേക്ക് എത്തുന്നത്. മരിയയ്ക്കൊപ്പം നാടകത്തില്‍ പ്രിന്‍സുമുണ്ടായിരുന്നു. നാടകകൃത്തായ ഹേമന്ത് കുമാര്‍, സംവിധായകന് രാജേഷ് ഇരുളം എന്നിവര്‍ ചേര്‍ന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന് വേണ്ടി തയ്യാറാക്കി ചില നേരങ്ങളില്‍ ചിലര്‍ എന്നതായിരുന്നു ആദ്യ നാടകം. പിന്നീട് അതേ ടീമിനൊപ്പം വെയില് എന്ന നാടകത്തിന്റെ ഭാഗമായി. അങ്ങനെയാണ് അഭിനയത്തിലേക്കുള്ള മരിയയുടെ രംഗപ്രവേശം. തുടക്കം തന്നെ ഗംഭീരമാക്കിയ നടി. ആയിരത്തോളം വേദികളിലാണ് വെയില് അവതരിപ്പിക്കപ്പെട്ടത്. ”സുഹൃത്ത് ആദി വഴി നാടകം ഞങ്ങളെ തേടി മല കയറി വന്നു” എന്നാണ് ഇതേപ്പറ്റി മരിയ പറയുന്നത്. നാടകവേദിയിലെ പ്രായം കുറഞ്ഞ താരദമ്പതികളാണ് മരിയയും പ്രിന്‍സും.
കേരള സംഗീത നാടക അക്കാദമിയുടെ 7 സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ അഖില കേരള പ്രൊഫഷണല്‍ നാടക മത്സരങ്ങളില്‍ ഒട്ടനവധി അവാര്‍ഡുകള്‍ വെയില് നാടകത്തിന് ലഭിച്ചു. ഇതില്‍ 13 ഓളം മത്സരങ്ങളില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരവും മരിയയ്ക്കായിരുന്നു. അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയലോകത്തെ മിന്നും നക്ഷത്രമാകാനുള്ള പ്രതിഭയുണ്ട് ഈ കലാകാരിക്ക്.
അഭിനയ മോഹത്തിന്റെ നാളുകളില്‍ സിനിമ തന്നെയായിരുന്നു സ്വപ്നം. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ കലാകാരന്മാര് പ്രചോദനമായി. അങ്ങനെ ഓരോ നാടക വേദിയും ആവേശമായി.
കലാകാരന്മാര്ക്ക് ഏറെ പ്രോത്സാഹനം നല്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മരിയയും സജീവമായി. പ്രേക്ഷകരുടെയെല്ലാം മനസ്സില്‍ ഇടം നേടിയ സിനിമ രംഗങ്ങള്‍ മരിയയിലൂടെ വീണ്ടും പുനര്‍ജനിച്ചപ്പോള്‍ അതേറ്റെടുക്കുവാനും ആരാധകര്‍ ഏറെയുണ്ടായി. തേന്മാവിന് കൊമ്പില്‍ ശോഭന അവതരിപ്പിച്ച കാര്‍ത്തുമ്പി എന്ന കഥാപാത്രത്തെ മരിയ ഡബ്സ് മാഷ് വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലും അതിശയിച്ചു. താന്‍ ശബ്ദം നല്‍കിയത് ശോഭനയ്ക്കോ അതോ ഈ കുട്ടിക്കോ എന്നാണ് ഇതേക്കുറിച്ച് അവര്‍ അഭിപ്രായപ്പെട്ടത്.
ഭാഗ്യലക്ഷ്മി, നാദിര്‍ഷ, സിത്താര തുടങ്ങി നിരവധി പേര് അന്ന് അഭിനന്ദിച്ചിരുന്നു. ഇവരുടെയെല്ലാം നല്ല വാക്കുകളാണ് ഇതുപോലെയുള്ള ഡബ്സ്മാഷ് വീഡിയോകള്‍ ചെയ്യാനുള്ള പ്രചോദനമെന്ന് മരിയ പറയുന്നു. ഡബ്സ് മാഷ് എന്ന ആപ്പിലൂടെയാണ് ആദ്യമായി വീഡിയോ ചെയ്ത് നോക്കിയത്. ഒരു മിനിറ്റില്‍ താഴെയുള്ളതായിരുന്നു അതിലെ സംഭാഷണങ്ങള്‍. പിന്നീട് അതിന്റെ സഹായമില്ലാതെ, ക്യാമറയും ഫോണും ഉപയോഗിച്ച് മൂന്നോ നാലോ മിനിറ്റുള്ള വീഡിയോകള്‍ ചെയ്തു തുടങ്ങി. പിന്നെ ഒറ്റ ടേക്കില്‍ 5 മിനിറ്റുള്ള വീഡിയോ ചെയ്യാനായി ശ്രമം. ഇത്തരത്തില്‍ മരിയയുടേതായി നിരവധി വീഡിയോകളാണ് ഉള്ളത്. ആരാധകരാവട്ടെ ലക്ഷങ്ങളും. എന്നാല്‍ ടിക് ടോക് വന്നെങ്കിലും അതിനോട് അത്ര ഇഷ്ടം തോന്നിയില്ല. അതിനാല്‍ തന്നെ മരിയയ്ക്ക് ടിക് ടോക്കില്‍ അക്കൗണ്ടും ഇല്ല. ഡബ്സ് മാഷ് വീഡിയോ ചെയ്യുന്നതിലൂടെ നിരവധി അവസരങ്ങളാണ് മരിയയെ തേടിയെത്തുന്നത്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അതില്‍ നായിക അനുശ്രീയുടെ അനിയത്തിമാരില്‍ ഒരാളായി വേഷമിട്ടു. പിന്നീട് സിദ്ധാര്‍ത്ഥിന്റെ തന്നെ സഖാവ് എന്ന ചിത്രത്തില്‍ നഴ്സിന്റെ വേഷം. നിവിന്‍ പോളിക്കൊപ്പം ഒരു സംഭാഷണവും അതിലുണ്ടായിരുന്നു. അതിന് ശേഷം ഒരു യമണ്ടന്‍ പ്രേമകഥയില്‍ സലിം കുമാറിന്റെ മകളായി ശ്രദ്ധേയ കഥാപാത്രം. ആ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും വെയില് നാടകം കാണാനെത്തി. നല്ല അഭിപ്രായം പറഞ്ഞു. ഒപ്പം യമണ്ടന്‍ പ്രേമകഥയില്‍ മരിയയ്ക്കായി ഒരു കഥാപാത്രത്തേയും അവര്‍ നീക്കിവച്ചു.
പടക്കുതിര, ലുട്ടാപ്പി, എന്താപ്രശ്നം, സെക്കന്‍ഡ് ഹണിമൂണ്‍, വിരാഗ്, ബിബിന്‍ പോള്‍ സാമുവലിന്റെ മങ്ങിയൊരന്തി വെളിച്ചത്തില്‍ തുടങ്ങി എട്ടോളം ഷോര്ട്ട്ഫിലിമുകളില് അഭിനയിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍. അന്നയിലെ അഭിനയത്തിന് വാക്ദേവത പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. വിരാഗിലൂടെ ഇടുക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സിനിമകട വേണുനാഗവള്ളി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചു.
അഭിനയിക്കുമ്പോള്‍ അനുകരണം കടന്നുവന്നാലോ എന്ന് കരുതി ഡബ്സ് മാഷ് ചെയ്യുന്നത് കുറച്ചിരിക്കുകയാണിപ്പോള്‍. ഡബ്സ് മാഷ് ചെയ്താല്‍ ആദ്യം കാണിക്കുന്നത് കുടുംബാംഗങ്ങളെയാണ്. മരിയയുടെ വീട്ടില്‍ പപ്പയും അമ്മയും ചേട്ടനും, പ്രിന്‍സിന്റെ വീട്ടില്‍ പപ്പയും അമ്മയും അനിയനുമാണുള്ളത്. ഇരു കുടുംബങ്ങളും അതിനേക്കാള്‍ ഉപരി ഭര്‍ത്താവും നല്കുന്ന പിന്തുണയാണ് മരിയയ്ക്ക് എന്നും പ്രചോദനം. സിനിമയിലേക്ക് അവസരങ്ങള്‍ വരുന്നുണ്ട്. തമിഴ് സിനിമ ഇലക്ക് ആണ് പുറത്തിറങ്ങാനിരിക്കുന്നത്. മലയാളിയായ അജയ് ആണ് സംവിധായകന്. അതില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മരിയ.
ഷോര്‍ട്ട് ഫിലിമുകളില്‍ ജിതിന് രാജ് സംവിധാനം ചെയ്ത വിരാഗാണ് ശ്രദ്ധേയം. നിരവധി അംഗീകാരങ്ങള്‍ ഇതിലെ കഥാപാത്രത്തിലൂടെ മരിയക്ക് ലഭിച്ചു. സാജിദ് യഹിയയാരിന്നു ഒപ്പം അഭിനയിച്ചത്. നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് കൂടുതല്‍ ഇഷ്ടം. കുട്ടിക്കാലത്ത് നൃത്തം പഠിക്കണമെന്നുണ്ടായിരുന്നു. അന്ന് അത് സാധിച്ചില്ല. ആ മോഹത്തെ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മരിയ. കൊറോണ കാലം ഒഴിഞ്ഞിട്ടുവേണം ആ ഇഷ്ടത്തെ കൂട്ടുപിടിക്കാന്‍. ലോക് ഡൗണ്‍ ഒക്കെ കാരണം നാട്ടിലേക്ക് പോകാന്‍ ആവുന്നില്ല എന്നതാണ് ഇപ്പോഴത്തെ സങ്കടം. ഇപ്പോള്‍ തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റിന്‍കരയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: