തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിനായി രൂപീകരിച്ച ‘വാര്‍ റൂ’മില്‍ പടലപ്പിണക്കം. കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു എന്ന് ആരോഗ്യ വിഭാഗം. പരിശോധനാഫലങ്ങള്‍ പോലും വൈകുന്നു. സ്രവങ്ങളെടുക്കുന്നവരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്ക് കൈമാറുന്നതിലും വീഴ്ച. സംസ്ഥാനത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനിടെയുള്ള പടലപ്പിണക്കം ഗുരുതര സ്ഥിതിയിലേക്ക് തള്ളിവിടുമെന്നാണ് ആശങ്ക.
കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നതും അവ യഥാക്രമം പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരുന്നതും ഏപ്രില്‍ എട്ട് വരെ ആരോഗ്യ വിഭാഗം ആയിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്.
എന്നാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്രീകൃത സംവിധാനം ഉണ്ടാകണമെന്ന കേന്ദ്രനിര്‍ദേശത്തെ വളച്ചൊടിച്ച് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ രാവിലെ 10.30ന് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തല്‍, ഡിഎംഒമാരില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങല്‍, രോഗബാധ സ്ഥിരീകരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടല്‍, നിരീക്ഷണ മാര്‍ഗനിര്‍ദേശം നല്‍കല്‍, കൂടുതല്‍ ജീവനക്കാരെ വിന്യസിക്കല്‍ തുടങ്ങി എല്ലാം നിലച്ചു. വൈകുന്നേരം അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി.
രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)പോലും എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ്.
പോസിറ്റീവ് കേസുകള്‍ പോലും വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വഴിയാണ് അറിയുന്നത്. ഈ പടലപ്പിണക്കിന്റെ ഭാഗമായി തലസ്ഥാനത്തെ കൊറോണ പരിശോധന ലാബിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിച്ചതോടെ തിരികെ എത്തിക്കുകയായിരുന്നു.
വിവരങ്ങള്‍ കൈമാറുന്നില്ല
പരിശോധനാ ഫലങ്ങള്‍ ലാബുകളില്‍ നിന്ന് ജില്ലാ വാര്‍റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര്‍റൂമിലേക്കുമാണ് അയക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര്‍റൂമില്‍ അയക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും.
എന്നാല്‍ ഇത് ഇപ്പോള്‍ താളം തെറ്റി. കൊറോണ ഒപിയില്‍ നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനിടെ വാര്‍റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര്‍റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: