കൊച്ചി: കൊറോണ കാലത്തെ വൈദ്യുതി ബില്ലിന് ഇളവു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്. അധികം വന്ന തുകയുടെ ഒരു ഭാഗം കുറച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫലത്തില്‍ തുച്ഛമായ തുകയാണ് ഉപഭോക്താക്കള്‍ക്ക് സബ്സിഡിയായി ലഭിക്കുക.
ഉദാഹരണത്തിന് മാസം 1600 രൂപ അടച്ചിരുന്നവര്‍ക്ക് ഇക്കുറി 3000 രൂപയാണ് ബില്‍ എങ്കില്‍ അധികം വന്ന തുക 1400 രൂപ. ഇതിന്റെ 20 ശതമാനം, അതായത് 280 രൂപ മാത്രമാണ് മടക്കിക്കിട്ടുക. 1120 രൂപ നല്‍കണം.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതിയും 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും 20 ശതമാനം സബ്സിഡിയും നല്‍കുമെന്നാണ് പ്രഖ്യാപനം.
ലോക്ഡൗണ്‍ കാരണം ഉപഭോഗം വലിയ തോതില്‍ കൂടിയതല്ല, കൃത്യമായി മീറ്റര്‍ റീഡിങ് എടുക്കാത്തതും കണക്കുകൂട്ടലിലെ അപാകം മൂലം സ്ലാബ് മാറിയതുമാണ് അമിത ചാര്‍ജ് വരാന്‍ കാരണം. സ്ലാബ് പൊടുന്നനെ മാറിയതോടെ ഓരോ യൂണിറ്റിനുമുള്ള ചാര്‍ജ് കുത്തനെ കൂടി. അങ്ങനെയാണ് ഇതുവരെ അടച്ചതിലും പല മടങ്ങ് അധികം തുക ഉപഭോക്താക്കള്‍ക്ക് അടയ്ക്കേണ്ടി വന്നത്. ഇങ്ങനെ വന്ന അധിക നിരക്ക് മുഴുവന്‍ കുറയ്ക്കുകയാണ് വേണ്ടത്. എന്നാല്‍, അതിനു പകരം കൂടുതലായി വന്ന തുകയുടെ ചെറിയ ശതമാനം മാത്രം മടക്കി നല്കി കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍.
സ്ലാബുകളില്‍ പൊടുന്നനെ വന്ന മാറ്റം നോക്കി, അവരുടെ ശരാശരി ഉപയോഗം കണക്കാക്കിയാല്‍ അധികമായി വന്ന തുക എളുപ്പത്തില്‍ കണ്ടെത്താം. ഇങ്ങനെ അധികമായി ഈടാക്കിയ തുക മടക്കി നല്‍കുകയും സ്ലാബിലെ അപാകം പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍, അങ്ങനെ ചെയ്യാതെ ഈടാക്കിയ അമിത നിരക്കിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മടക്കി നല്‍കുന്നത്. കൊള്ളയടി കൊള്ളയടിയായി തന്നെ നിലനില്ക്കുന്നു.
ഇതിനകം വൈദ്യുതി ചാര്‍ജ് അടച്ചുപോയവരുടെ തുകയില്‍ കുറവു വരുത്തി അത് അടുത്ത മാസത്തിലെ ചാര്‍ജില്‍ വകവയ്ക്കുമോയെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: