കോഴിക്കോട്: ”മുംബൈ നഗരം കോവിഡ് രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. രോഗവുമൊത്ത് മുന്നോട്ട് പോവുകയെന്ന നിലയിലാണ് കാര്യങ്ങള്‍. തുടക്കത്തില്‍ സ്ഥിതി ഏറെ ഭീകരമായിരുന്നു. ഡോക്ടര്‍മാരടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനമൊരുക്കാനായില്ല. ഒരു എന്‍.95 മാസ്ക് ഒരാഴ്ച തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നു. കൂടെ പ്രവര്‍ത്തിച്ച നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റീവായി എന്നത് നടുക്കുന്നതായിരുന്നു.” മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വാണി വാസുദേവന്‍ പറയുന്നു. മലപ്പുറത്തെ പുലാമന്തോള്‍ സ്വദേശിനിയായ വാണി കഴിഞ്ഞ മുന്ന് വര്‍ഷമായി ഇവിടെ പി.ജി അനസ്തേഷ്യവിദ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ആശുപത്രിയില്‍ ഫീവര്‍ ക്ലിനിക്കിലും കോവിഡ് ഐസിയുവിലും സേവനമനുഷ്ടിക്കുന്നുണ്ട്.
കോവിഡ് രോഗം വ്യാപിച്ച ധാരാവികോളനിക്കടുത്താണ് ആശുപത്രി. ഇവിടെ എട്ടു വാര്‍ഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്, ഒരു ഐസിയുവും. കൂടെ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിച്ച ഡോക്ടര്‍മാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം ബാധിച്ചത് തിരിച്ചറിഞ്ഞത്. പലര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ തുടക്കത്തില്‍ ഫലപ്രദമായിരുന്നെങ്കിലും പിന്നീട് ജനങ്ങള്‍ അത് അനുസരിച്ചില്ല. സ്വന്തമായി വാഹനങ്ങളുള്ളവര്‍ നഗരത്തില്‍ നിറഞ്ഞു. മെട്രോ നഗരമായതിനാല്‍ രോഗ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂടുതലുണ്ട്. എന്നാല്‍ ജനസാന്ദ്രത രോഗ വ്യാപനത്തിന് കാരണമായി. ഒ.പിയിലുള്ള തിരക്ക് സെക്യൂരിറ്റി ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല. രോഗം ഗുരുതരമായാല്‍ വെന്റിലേറ്റര്‍ സൗകര്യം പോലും ലഭിക്കില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു പ്രവേശനം നല്‍കിയത്. മണിക്കൂറുകളോളം കാഷ്വാലിറ്റിയിലും നൂറുകണക്കിന് ആളുകള്‍ കാത്തു നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴും രോഗം നിയന്ത്രണവിധേയമായി എന്ന് പറഞ്ഞു കൂടാ. എന്നാല്‍ തുടക്കത്തില്‍ നിന്ന് സ്ഥിതി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.
രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് പിപിഇ കിറ്റുകളും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ സജീവമായി രോഗ പ്രതിരോധ രംഗത്തുണ്ടെന്നതാണ് ആശ്വാസമുണ്ടാകുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ താജ് ഹോട്ടല്‍ ഗ്രൂപ്പാണ് മുംബൈ മുന്‍സിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് രണ്ടു നേരവും ഭക്ഷണം നല്‍കുന്നത്. മലയാളികളായ ഒമ്പത് പേര് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായവരുടെ ശസ്ത്രക്രിയയടക്കം ആശുപത്രിയില്‍ നിര്‍വ്വഹിക്കുന്നു. അനസ്തേഷ്യവിഭാഗത്തിലായതുകൊണ്ട് ഐസിയുവിലും വാണി സേവനമനുഷ്ഠിക്കുന്നു. രണ്ടാഴ്ച മുംബൈയിലെ കോവിഡ് ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഉപരിപഠനത്തിന് മുംബൈ ലോകമാന്യ തിലക് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. സഹോദരന് വരുണ്‍ വാസുദേവന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു.പുലാമന്തോളിലെ ഡോ. വാസുദേവന്‍, ഡോ. തുളസി ദമ്പതികളുടെ മകളാണ് ഡോ. വാണി വാസുദേവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: