തിരുവനന്തപുരം: വട്ടപ്പാറ വേറ്റിനാട് കൈതാരമൂഴി രമ്യ ഭവനില്‍ കാന്‍സര്‍ രോഗിയായ അംബിക അമ്മയ്ക്ക് സൈനികരുടെ കൂട്ടായ്മയായ സപ്ത സഹായധനം നല്കി. മധ്യവയസ്കയായ അംബിക ഏറെനാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഇപ്പോള്‍ അവരുടെ രണ്ടു വൃക്കകളും തകരാറിലായിരിക്കുന്നു. വളരെ കാലം മുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട അംബികയ്ക്ക് രണ്ട് പെണ് മക്കളാണ്. മകളോടൊപ്പമാണ് ഇപ്പോള്‍ താമസം.
മകളുടെ ഭര്‍ത്താവും ഹൃദ്രോഗിയാണ്. കൂലിപ്പണിക്കാരനായ രണ്ടാമത്തെ മരുമകന്റെ വരുമാനമാണ് ആ കുടുംബത്തിന്റെ ഏക ആശ്രയം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ആ അമ്മ. ജീവന് നിലനിര്‍ത്താന്‍ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആഴ്ചയില്‍ രണ്ട് ഡയാലിസിസിന് വിധേയമാകുകയാണ് അവര്‍. കാന്‍സര്‍ ചികിത്സയ്ക്കും ഡയലിസിസ് ചെയ്യുന്നതിനുമായി വലിയതുക ചെലവുവരും.
സപ്തയിലെ ദിലീപ്കുമാര് എന്ന അംഗം വഴിയാണ് അംബികയുടെ ദുരവസ്ഥ സപ്ത അറിയുന്നത്. ഈ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം നല്കുവാന് സപ്തയെന്ന സൈനികരുടെ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സപ്തയിലെ 23 അംഗങ്ങള്‍ ഒന്നുചേര്‍ന്ന് ആ അമ്മയുടെ സഹായത്തിനെത്തി. നിരാലംബയായ അംബിക അമ്മയുടെ ചികിത്സയ്ക്ക് അടിയന്തിര സഹായമായി 65,000 രൂപ സപ്തയിലെ സൈനികര്‍ കൈമാറി.
അശോക് കുമാര്‍ എ.എസ്., ജയകുമാര്‍ എസ്.കെ., സുജിത് രാജ്, രതീഷ് ആര്., അനൂപ് വി.ടി., അഭിലാഷ് കൃഷ്ണന് തുടങ്ങിയ സൈനികര്‍ പങ്കെടുത്തു. ചികിത്സയ്ക്ക് വഴിതേടുന്ന അംബിക അമ്മയ്ക്ക് സഹായവുമായി ഇതുപോലുള്ള സുമനസുകള്‍ ഇനിയുമെത്തുമെന്ന പ്രതീക്ഷ മാത്രമാണ് അവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: