തിരുവല്ല: കോവിഡ്-19 മൂലം ആയുർവേദ മേഖല പ്രതിസന്ധിയിലാണ്. ഇതു കാരണം ഈ മേഖലയിലുള്ള പലരും ബുദ്ധിമുട്ടിലാണ്. സാമൂഹ്യ അകലം പാലിച്ച് എങ്ങനെ തിരുമും എന്നാണ് ആയുർവേദ മേഖലുമായി ബന്ധപ്പെട്ടവരുടെ ചോദ്യം. എല്ലാ വർഷവും മഴക്കാലത്ത് കേരളത്തിൽ വിനോദ സഞ്ചാരികൾ പ്രധാനമായും എത്തുന്നത് ആയുർവേദ വിധി പ്രകാരമുള്ള സുഖചികിത്സയ്‌ക്കായാണ്.
കൊവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മറ്റൊരാളുമാതി അടുത്തിടപെടാൻ കഴിയില്ല. ഉഴിച്ചിലോ പിഴിച്ചിലോ നടത്തണമെങ്കിൽ അടുത്തിടപഴകണം. സാമൂഹ്യ അകലം പാലിക്കുക ബുദ്ധിമുട്ടാണ്. ചികിത്സകൻ കൊവിഡിനെ പ്രതിരോധിക്കുന്ന പിപിഇ കിറ്റ് ധരിച്ചാലും ഗ്ലൗസിട്ട കൈയാൽ തിരുമാൻ കഴിയില്ല. അമർത്തിയുള്ള സ്പർശനമാണ് തിരുമിൽ പ്രധാനം. ശരീര ഭാഗത്തെ പേശികളും ഞരമ്പുമൊക്കെ കുഴമ്പോ എണ്ണയോ ഇട്ടു തിരുമേണ്ടത് വിരലുകൾ അമർത്തിയാണ്.
ശരീരം മുഴുവൽ പല തവണ വിരലുകൾ അമർത്തി ഓടിക്കണം. ഗ്ലൗസിട്ടാൽ ഇത് ശരിയാകില്ലെന്ന് പഞ്ചകർമ ചികിത്സകർ പറയുന്നു.കൊവിഡ് കാരണം ടൂറിസം മേഖല ഇപ്പോഴും നിശ്ചലമാണ്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഈ വർഷം കാര്യമായി ടൂറിസ്റ്റുകളെത്തുമെന്നു തോന്നുന്നില്ല.സുഖചികിത്സയുടെ ഭാഗമായി പിഴിച്ചിൽ, ധാര, ഉഴിച്ചൽ, കിഴി, ശിരോവസ്തി തുടങ്ങിയ ചികിത്സകളും ചെയ്തുവരാറുണ്ട്. കമഴ്‌ത്തിയും മലർത്തിയും കിടത്തി ശിരസുമുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ നടത്തുന്ന ചികിത്സ ശാരീരിക അകലം പാലിച്ച് നടത്താൻ കഴിയുമോ എന്നറിയില്ല.
സുഖചികിത്സയുടെ പ്രാധാന്യം അനുഭവ സമ്പത്തുള്ള ആയുർവേദ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുഖചികിത്സ വർഷം മുഴുവനും നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനാലാണ് സഞ്ചാരികൾക്ക് താത്പര്യമേറിയത്. ഋതുക്കൾ മാറിവരുമ്പോൾ കാലാവസ്ഥയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾ തടയാൻ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതിൽ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: