ആലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കടലേറ്റം രൂക്ഷം, കടല്‍ഭിത്തി കെട്ടുന്നതിനുള്ള പദ്ധതികള്‍ വൈകുന്നു. കടല്‍ഭിത്തി കെട്ടുന്നതിന് ഒന്‍പതു കോടി രൂപയുടെയും ജിയോ ബാഗുകള്‍ ഇടുന്നതിന് നാലു കോടി രൂപയുടെയും പ്രോജക്ടുകളാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ജൂണ്‍ ആരംഭിക്കുന്നതോടെ കടലാക്രമണവും ജില്ലയില്‍ പതിവാണ്. ഇക്കാര്യം അധികൃതര്‍ക്കും സര്‍ക്കാരിനും അറിയാം. എന്നിട്ടും തീരസംരക്ഷണം പ്രോജക്ടുകളായി അവശേഷിക്കുകയാണ്. കടല്‍ഭിത്തി കടലാസില്‍ ഒതുങ്ങുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
തീരസംരക്ഷണത്തിന് സര്‍ക്കാരില്‍നിന്ന് രണ്ടുകോടി രൂപ ഉടനെ ലഭിക്കുമെന്ന് കരുതുന്നതായാണ് കളക്ടര്‍ എ. അലക്സാണ്ടര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭമുണ്ടായ ഒറ്റമശേരി, പള്ളിത്തോട് തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര സാഹചര്യത്തില്‍ ജെസിബി ഉപയോഗിച്ച് കടല്‍ത്തീരത്ത് മണ്ണ് മറ സൃഷ്ടിക്കാനും മണല്‍ച്ചാക്ക് ഇട്ട് വീടുകളും മറ്റും സംരക്ഷിക്കുന്നതിനും രണ്ടുലക്ഷം രൂപ വരെയുള്ള തുക തീരദേശപഞ്ചായത്തുകള്ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കും. അടിയന്തര ഘട്ടത്തിലാണ് തുക അനുവദിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു.
തുറവൂര്‍, കുത്തിയതോട്, കടക്കരപ്പള്ളി പഞ്ചായത്തുകള്‍ക്ക് കടല്‍ ക്ഷോഭം തടയുന്ന പ്രവര്‍ത്തികള്‍ക്ക് ഈ തുക ഉടന്‍ അനുവദിക്കും. കടല്‍ ക്ഷോഭത്തില്‍ തീരെ അപകടത്തിലായ വീടുകള്‍ സംരക്ഷിക്കുന്നതിന് മണല്‍ച്ചാക്ക് തയാറാക്കി ഇടാന്‍ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. മണല്‍ച്ചാക്കുകള്‍ നിറയ്ക്കുന്നതിനുള്ള മണ്ണ് ഇവിടെ ലഭ്യമല്ലെങ്കില്‍ പുറത്തുനിന്ന് എത്തിച്ച് നല്‍കാനും നടപടിയെടുത്തതായി കളക്ടര്‍ അറിയിച്ചു.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമാണ് ആറാട്ടുപുഴ, പള്ളിത്തോട് എന്നിവടങ്ങളിലാണ് ജനങ്ങള്‍ ബുദ്ധമുട്ടുന്നത്. ആറാട്ടുപുഴയില്‍ 700 മീറ്ററോളം ദൂരം തീരദേശപാത കടലിനോട് തൊട്ടുചേര്‍ന്നാണ് പോകുന്നത്. കടല്‍ ശക്തമായാല്‍ തീരദേശപാതയിലാണ് തിര പതിക്കുന്നത്. അതിനാല്‍ കിഴക്കുഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തും. നല്ലാണിക്കല്‍, വട്ടച്ചാല്‍, മംഗലം പ്രദേശത്തും കടലേറ്റമുണ്ട്.
നല്ലാണിക്കല്‍, വട്ടച്ചാല്‍ പ്രദേശങ്ങളെ കുറേശെയായി കടല്‍ കവര്‍ന്നെടുക്കുകയാണ്. കടല്‍ഭിത്തിയോ പുലിമുട്ടുകളോ ഇല്ലാത്തതാണ് കടല്‍ കയറാന്‍ കാരണം. പള്ളിത്തോട് മേഖലയില്‍ കടലേറ്റത്തെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: