അമേരിക്കന്‍ സാമ്രാജ്യത്തം ചങ്കിലെ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ വേദന കടിച്ചമര്‍ത്തിയാണ് ഇത്രകാലം കൊടിയേരി ബാലനും പിള്ളേരും കേരളത്തില്‍ കഴിച്ചുകൂട്ടിയത്. ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് അച്ചുതണ്ടുണ്ടാക്കി അമേരിക്ക ചൈനയെ തകര്‍ക്കുമെന്നും അങ്ങനെ വന്നാല്‍ ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൊത്തം ചുമതല താനൊറ്റയ്‌ക്ക് ഏറ്റെടുക്കേണ്ടിവരുമെന്നുമൊക്കെയുള്ള അമിതമായ ഉത്തരവാദിത്തബോധമാണ് കൊടിയേരിയെ വല്ലാതെ വേവലാതിപ്പെടുത്തുന്നത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തറവാട്ടില്‍ മന്ത്രവാദം നടത്തിയതും കൈയില്‍ ഏലസ് അണിഞ്ഞതുമൊക്കെ ചൈനയുടെ രക്ഷയെക്കരുതിക്കൂടിയായിരുന്നുവത്രെ. ‘ഏതാ രാജ്യം’ എന്ന് ആരാനും ചോദിച്ചാല്‍ അറിയാണ്ട് പോലും ഇന്ത്യ എന്ന് പറയാത്ത കൂട്ടരാണ് ബാലനും സംഘവും. ‘കേരളം നമ്മുടെ മാതൃഭൂമി എന്ന് ആചാര്യന്‍ പണ്ടേ പുസ്തകം എഴുതിത്തന്നിട്ടുണ്ട്. കേരളം ഞമ്മന്റെ മാതൃഭൂമി എന്ന് കൊടിയേരിയുടെ കാലത്ത് അത് പരിഭാഷപ്പെടുത്തുന്ന തിരക്കിലാണ് പാര്‍ട്ടി. അങ്ങനെ കേരളമഹാരാജ്യം വാഴും പിണറായി മഹാരാജാവും ചൈനയുമായി നേരിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അണിയറയൊരുക്കലാണ് പുതിയകാലത്ത് പാര്‍ട്ടിയുടെ ദൗത്യം.
അതിനിടയിലാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്നൊക്കെ മോദി പറയുന്നത്. പറയുന്നത് ചെയ്യാന്‍ മടിക്കാത്ത മോദിയുടെ വാക്കുകള്‍ കേട്ടവാറെ മനസ്സമാധാനം പോയ മട്ടിലാണ് ഷീ ജിന്‍പിങ്ങിന്റെ ആരാധകക്കൂട്ടം. ഗാല്‍വന്‍ താഴ്‌വാരത്തിലെ ചൈനീസ് അതിക്രമത്തെച്ചൊല്ലി കൊടിയേരി നടത്തിയ പ്രതികരണത്തില്‍ ചൈന എന്നൊരു വാക്ക് കണ്ടുപിടിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഈ ആരാധനയാണ്.
ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാനൊന്നുമല്ല മോദിയുടെ പ്ലാന്‍. അടപടലം പൂട്ടാനാണ്. ഗ്യാരന്റിയില്ലാത്ത സാധനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ചൈനയുടെ കമ്പോളത്തില്‍ ഇന്ത്യ കയറിക്കളിക്കാനൊരുങ്ങുന്നു. അടുക്കളപ്പുറത്ത് വരെ അര്‍മാദിച്ചുനിന്ന ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ചവറ്റുകുട്ട തീര്‍ക്കുകയാണ് പദ്ധതി. മോദിയുടെ പ്രസ്ഥാനം സ്വദേശി എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ശീലമാക്കാനാണ്. പൊഖ്‌റാന്‍ അണുവിസ്‌ഫോടനം നടന്നപ്പോള്‍ ഉപരോധമുയര്‍ത്തിയ അമേരിക്കയോട് രാജ്യം കൊടുത്ത മറുപടി സ്വദേശിയുടെ കവചമായിരുന്നു. അപ്പോള്‍പ്പിന്നെ ചൈനയെ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് കൂലംകഷമായി കൊടിയേരിയും പാര്‍ട്ടിയും ആലോചിച്ച് ഒരു തന്ത്രം കണ്ടുപിടിക്കുന്നതാവും നല്ലത്.
രാജ്യത്ത് നിന്നാകെ തുടച്ചുനീക്കപ്പെട്ട ഇസ്ലാമിക ഭീകരതയെ വിളിച്ചുവരുത്തി അടുക്കളപ്പുറത്തു വരെയാക്കിയ പിണറായിയന്‍ തിയറി ഇക്കാര്യത്തിലും പാര്‍ട്ടിക്ക് പ്രയോഗിക്കാവുന്നതാണ്. കേരളത്തെ ചൈനയുടെ ചവറ്റുകുട്ടയാക്കാനുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജിക്ക് രൂപം നല്‍കാന്‍ പണമന്ത്രി ഐസക്കിനെ ചുമതലപ്പെടുത്തണം. സംഭവത്തിന് സാമ്രാജ്യത്ത വിരുദ്ധ, തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്‌ക്കാന്‍ കൊറോണ ശാസ്ത്രജ്ഞന്‍ കൂടിയായ ബേബി സഖാവിനെ ഏല്‍പ്പിക്കണം. ചൈനയെ ഇന്ത്യയുടെ ഭീമാലിംഗനത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ജനകീയ ബോധവല്‍ക്കരണം, മനുഷ്യച്ചങ്ങല, മെഴുകുതിരി പ്രകടനം, പിന്നെ ഒരു നൂറ് സമരപോരാട്ടങ്ങളുടെ ആകെച്ചെലവിനായി കമ്പോളം നിരങ്ങി തൊട്ടിപ്പിരിവ്… കേരളത്തെയാകെ ചൈനയ്‌ക്കൊപ്പം അണിനിരത്താന്‍ ഓരോ വീട്ടിലും ചങ്കിലെ ചൈനയുടെ കോപ്പി. അതുംപോരാഞ്ഞ് നുണയിടം, കോപ്പിയടി പണ്ഡിതക്കൂട്ടത്തിന്റെ പ്രഭാഷണ പരമ്പര…
ഷീ ജിന്‍ പിങ്ങിന് കൊടിയേരിയെ അറിയുമോന്ന് തിട്ടമില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും കൊടിയേരി ആളുടെ കട്ടഫാനാണ്. അതോണ്ടാണല്ലോ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കത്തെ ഓര്‍ത്ത് അദ്ദേഹം ഗദ്ഗദകണ്ഠനായത്. ഗാല്‍വന്‍ താഴ്‌വാരത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കാനെന്ന പേരില്‍ പിന്നില്‍ വെടിയേറ്റ പട്ടാളക്കാരന്റെ പോസ്റ്ററുമായി യുവജന കൊടിയേരിമാര്‍ അരങ്ങുനിറയുന്നത് അബദ്ധത്തില്‍ സംഭവിക്കുന്നതല്ലെന്ന് സാരം. ചൈനീസ് വ്യാളിയുടെ അടിസ്ഥാനഭാവം വിഴുങ്ങലാണ്.
അതിനിപ്പം ആരാധകനെന്ന് നോട്ടമൊന്നുമില്ല. ആരാധകര്‍ കിഴങ്ങന്മാരെന്ന സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ നിലപാടാണ് ഒതുക്കത്തില്‍ എന്നും ചൈനയ്‌ക്ക്. ‘നിങ്ങള്‍ക്കില്ലാത്ത കൊറോണ എനിക്കെന്തിന്’ എന്ന് ചോദിക്കാന്‍ മടിക്കാത്ത ഇനം. കമ്മ്യൂണിസം ഉള്‍പ്പെടെ എന്തിനും അവിടെ വലിയ വിലയൊന്നുമില്ല. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ സംഭവങ്ങളൊന്നും കടലാസില്‍പോലും ഇല്ല. എന്തിനും ആയുസ് കുറവുള്ള ചൈന ഒടുക്കത്തെ കളിക്കാണ് ഒരുമ്പെടുന്നതെന്ന് അറിയുന്ന കമ്മ്യൂണിസ്റ്റുകളാരെങ്കിലും കൊടിയേരിക്ക് അവിടെയുണ്ടെങ്കില്‍ അത് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. ചെങ്കൊടി വാഴുന്ന ഒരു നാട് ബാക്കി നില്‍ക്കുന്നത് പാട്ടപ്പിരിവിന് പറഞ്ഞുനടക്കാനെങ്കിലും ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: