ന്യൂദല്‍ഹി: ചൈനയ്ക്ക് ചുട്ട മറുപടി നല്‍കാനും സ്വദേശി വ്യവസായങ്ങളെയും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും പ്രോത്സാഹിപ്പിക്കാനും വന്‍ പ്രചാരണ പദ്ധതിയുമായി വ്യാപാരികള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍, ‘ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ അഭിമാനം’ എന്ന പ്രചാരണത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ ആറു കോടി വ്യാപാരികള്‍.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്ക്കരണം ഊര്‍ജിതമാക്കുക, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക തുടങ്ങിയവയാണ് പ്രചാരണ ലക്ഷ്യം. കളിപ്പാട്ടം മുതല്‍ തുണിത്തരങ്ങള്‍ വരെ, അടുക്കള ഉപകരണങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെയുള്ള മൂവായിരം ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ തയാറാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വസ്തുക്കളാണിവ.ലക്ഷ്യം ഒന്ന്, ഡിസംബര്‍ 2021നകം 13 ബില്ല്യന്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു പകരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. വലിയ സാങ്കേതിക വിദ്യയൊന്നും വേണ്ടാത്ത ചൈനീസ് ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ വിപണയില്‍ കൂടുതലും. ഇവയെല്ലാം തന്നെ ഇന്ത്യയില്‍ ഉല്പ്പാദിച്ചിരുന്നവയാണ്. അല്ലെങ്കില്‍ ഇപ്പോഴും കുറഞ്ഞ അളവില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ശ്രമിച്ചാല്‍ ഈ ചൈനീസ് ഉല്‍പ്പന്നങ്ങളെ പിന്തള്ളി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കളംപിടിക്കാം. വലിയ ഡിമാന്‍ഡില്ലാത്തതിനാല്‍ കഷ്ടത്തിലായിക്കിടക്കുന്ന അനവധി യൂണിറ്റുകളുണ്ട്.
ഇവയ്ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി വ്യവസായം മെച്ചപ്പെടുത്താം. ലക്ഷക്കണക്കിന് ഇടത്തരം, ചെറുകിട സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങളാണ് രാജ്യത്തൊട്ടാകെയുള്ളത്. ഇവ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഉല്‍പ്പാദന മേഖലയ്ക്കും പ്രയോജനമാകും, മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കുതിപ്പാകും, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.
പ്രാദേശിക വ്യവസായം വളര്‍ന്നാല്‍ ഇന്ത്യക്ക് മത്സരക്ഷമത കൂടും. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതോടെ അവ കയറ്റുമതി ചെയ്യാനും കഴിയും. ചൈനയുമായി മത്സരിക്കാനും കഴിയും, സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ നയം രൂപീകരിക്കണം. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹകണ്‍വീനര്‍ അശ്വിനി മഹാജന് പറഞ്ഞു. വില അടക്കമുള്ള പല ഘടകങ്ങളുടെ പേരിലും ഇറക്കുമതിയേയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്.
അതിനാല്‍ ഉരുക്ക്, ഇലക്ട്രോണിക് വ്യവസായങ്ങള്‍ അടക്കം പലതും അവയുടെ ശേഷിക്കനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ കഴിയാതെ കിടക്കുകയാണ്. രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ നമ്മുടെ ശേഷിയുടെ 35 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: