മുക്കം: തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ പ്രതിഷേധം. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) തിരുവമ്പാടി എസ്റ്റേറ്റ് കമ്മറ്റി അറിയിച്ചു. കൊറോണ ബാധിതമാസങ്ങളില് റെയിന്‍ ഗാര്‍ഡിംഗ് ഉള്‍പ്പെടെയുള്ള എല്ലാ അത്യാവശ്യ ജോലികള്‍ക്കും തൊഴിലാളികള്‍ സഹകരിക്കുകയും മാനേജ്മെന്റ് നിശ്ചയിച്ച പ്രകാരം 50 ശതമാനം മാത്രം തൊഴില്‍ ദിനങ്ങളില്‍ തൊഴില്‍ ചെയ്തു കൊണ്ട് തുച്ഛമായ വേതനം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. റെയിന്‍ ഗാര്‍ഡിംഗ് നടത്തിയതുകൊണ്ട് എല്ലാ വര്‍ഷത്തേതും പോലെ ടാപ്പിംഗ് ജോലി പുനരാരംഭിക്കുകയും ചെയ്തു.
എന്നാല്‍ മാനേജ്മെന്റ് മെയ് മാസത്തെ ശമ്പളം ഏകപക്ഷീയമായി 50 ശതമാനം മാത്രം നല്കുകയാണുണ്ടായത്. കൂടാതെ കാഷ്വല്‍ തൊഴിലാളികളുടെ കൂലിയില്‍ നിന്നും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച പോലും നടത്താതെ 25 രൂപയോളം ദിനംപ്രതി വെട്ടിക്കുറക്കുകയും 240 തൊഴില്‍ ദിനങ്ങള്‍ തികച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും ചെയ്തില്ല.
ടാപ്പിംങ്ങ് തൊഴിലാളികള്‍ക്ക് നല്കുന്ന മേയ്ഡ് അപ്പ് വേതനം നിഷേധിക്കുകയും ടാപ്പ് ചെയ്യുന്ന മരങ്ങളെ സംബന്ധിച്ച് തര്‍ക്കം വന്നപ്പോള്‍ ട്രേഡ് യൂണിയന് നേതാക്കന്മാരുമായി ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നടപടികളുമാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇതിനെതിരെയുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് തിരുവമ്പാടി എസ്റ്റേറ്റില്‍ നടക്കുന്നത്. ഇതെല്ലാം മറച്ചുവെച്ച് മാനേജ്മെന്റ് നടത്തുന്ന കള്ള പ്രചരണങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് സെക്രട്ടറി പി. സുകുമാരനും പ്രസിഡണ്ട് ഇ.വി. ഗിരീഷും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: