കോഴിക്കോട്: പുഴയില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപണം. രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതായി വ്യാപക പരാതിയുണ്ട്. കുട്ടികളെ പുഴയോരത്ത് കണ്ടതായി വൈകീട്ട് അഞ്ചോടെ വിവരം ലഭിച്ചിരുന്നു.
പുഴയില്‍ സ്ഥിരമായി ചൂണ്ടയിടുന്ന സുനില്‍ കുമാര്‍ കുട്ടികളെ ഇവിടെ കണ്ടിരുന്നു. ഈ വിവരം ബന്ധപ്പെട്ടവര്‍ പോലീസിനും മീഞ്ചന്ത ഫയര്‍ഫോഴ്‌സിനും ഉടന്‍ നല്‍കിയിരുന്നു. പോലീസ് ഉടന്‍ എത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നും തെരച്ചില്‍ ആരംഭിച്ചത് ഏറെ സമയം വൈകി ആണെന്നും പരാതിയുണ്ട്. ഒരു പക്ഷേ ഫയര്‍ഫോഴ്സ് ആവശ്യമായ സന്നാഹങ്ങളോടെ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകുവെന്ന് നാട്ടുകാര്‍ കരുതുന്നു.
ഫയര്‍ഫോഴ്സ് വരും മുമ്പ്, അഞ്ച് മണി മുതല്‍ തന്നെ നാട്ടുകാര്‍ തോണിയിലും മുങ്ങിയും തെരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ പുഴയിലെ സാഹചര്യം പ്രതികൂലമായിരുന്നു. പൊതുവേ ഒഴുക്ക് വെള്ളവും വഴുക്കലുമുള്ള ഭാഗത്താണ് കുട്ടികള്‍ വീണത്. ഈ ഭാഗങ്ങളില്‍ വഴുക്കലുള്ള പാറയും നിറയെ ഉണ്ടായിരുന്നു.
അതേസമയം പൊന്നോമനകളുടെ വിയോഗത്തില്‍ നാട് തേങ്ങുകയാണ്. മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: