കാസര്‍കോട്: ജസ്റ്റിസ് രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷനായ 10-ാം ശമ്പള കമ്മിഷന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക ശമ്പള സ്കെയില്‍ റദ്ദ് ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടിയില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്കെയില്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അങ്ങെയറ്റം പ്രതിഷേധര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് എം.ഗംഗാധരനും, സെക്രട്ടറി സി.വിജയനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രളയകാലത്തും, കോവിഡ് കാലത്തും തുടങ്ങി മറ്റെല്ലാ ദുരന്തങ്ങളിലും വളരെ മാതൃകപരമായി സേവനമനുഷ്ഠിക്കുകയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏകോപിക്കുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് വില്ലേജ് ഓഫീസര്‍മാര്‍; എല്ലാ കാലത്തും വാങ്ങുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ജോലി ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു.
ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമീപനം തുടരുകയാണ്. 11-ാം ശമ്പള പരിഷ്കരണം, ഡി.എ. കുടിശ്ശിക, ലീവ് സറണ്ടര്‍, ഹൗസ് ബില്‍ഡിംഗ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, സാലറി ചാലെഞ്ച്, എന്‍.പി.എസ്. കുടുംബ പെന്ഷന് തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ സമീപനം ജീവനക്കാര്ക്കെതിരാണെന്നും ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിക്കണമെന്നും കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: