ആലപ്പുഴ: നാലു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍. കുതിരപ്പന്തിയിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു വരെയുള്ള സമയത്ത് സ്ഥാപിക്കുമെന്ന് മന്ത്രി ജി.സുധാകരന് അറിയിച്ചു. 20 മുതല്‍ 25 വരെയുള്ള ആറു ദിവസമാണ് റെയില്‍വേ ട്രെയിനുകള്‍ ക്രമീകരിച്ച് സമയം അനുവദിച്ചിരിക്കുന്നത്.
മന്ത്രിയും, ജില്ലാകളക്ടറും അടക്കമുള്ളവര്‍ തല്‍സമയം സന്നിഹിതരാകുമെന്ന് ജി. സുധാകരന് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ സ്ഥലം എംപിയും സിപിഎം നേതാവുമായ എ. എം. ആരീഫിനെ ഒഴിവാക്കി. ആലപ്പുഴ ബൈപ്പാസിന്റ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ നടത്തുന്നത് താനാണെന്ന് എംപി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ബൈപ്പാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗര്‍ഡര്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയിലും എംപി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. മറിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പും സംസ്ഥാന ദേശീയപാത വിഭാഗവും കഠിനദ്ധ്വാനം നടത്തിയതിന്റെ ഫലമായാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതെന്നും മന്ത്രി അറിയിച്ചു.
ഗര്‍ഡര്‍ സ്ഥാപിച്ചതിന് ശേഷം രണ്ട് മാസത്തോളം ഇതിന്റെ കോണ്‍ക്രീറ്റിങ്് പ്രവര്‍ത്തികള്‍ക്കായി വേണ്ടി വരും. മുമ്പ് സ്ഥാപിച്ച കൊമ്മാടി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ കോണ്‍ക്രീറ്റിങ്് പ്രവൃത്തി പൂര്‍ത്തിയാകാറായി. ആഗസ്ത് 15 നകം കുതിരപ്പന്തി ഭാഗത്തെ കോണ്‍ക്രീറ്റിങ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ ടാറിങ് പ്രവൃത്തികള്‍ നടത്തി സെപ്റ്റബറില്‍ ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി റെയില്‍വേയുടെ ബ്രിഡ്ജസ് എഞ്ചിനീയര്‍ നല്ല നിലയില്‍ സഹായിച്ചു. മന്ത്രി, കേന്ദ്രമന്ത്രി പിയുഷ്ഗോയലിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും നല്ല സമീപനമാണ് റെയില്‍വേയില്‍ നിന്നും ലഭിച്ചത്. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതായും മന്ത്രി ജി.സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: