അടൂർ: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് സൂരജിനെ പറക്കോടുള്ള വീട്ടിൽ കൊണ്ടുവന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പു നടത്തി. കൂട്ടുപ്രതി, പാമ്പിനെ നൽകിയ സുരേഷിനെയും കൊണ്ടുവന്നിരുന്നു. ഇന്നലെ 12മണിയോടെയാണ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
ഫെബ്രുവരി 29ന് ഉത്രയ്ക്ക് ആദ്യ പാമ്പ് കടിയേറ്റത് ഇവിടെ വച്ചാണ്. ഫെബ്രവരി 25ന് കൊല്ലം പാരിപ്പള്ളിയിൽ നിന്ന് സുരേഷ് പിടിച്ച പാമ്പിനെ അടുത്ത ദിവസം സൂരജിന്റെ വീടിന്റെ പരിസരത്ത് എത്തിച്ച് കൈമാറിയ സ്ഥലവും വന്ന വഴിയും സുരേഷ് കാട്ടി കെടുത്തു. സൂരജിന്റെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലവും ടെറസിൽ നിന്ന് പാമ്പിനെ വലിച്ചെറിഞ്ഞ സ്ഥലത്തും പരിശോധന നടത്തി തെളിവ് എടുത്തു.
ഏനാത്ത് വച്ച് രണ്ടാമത്തെ പാമ്പിനെ കൈമാറിയ സ്ഥലത്തും ഇവരെ എത്തിച്ചു. രണ്ടാമത്തെ പാമ്പിന്റ കടിയേറ്റണ് മാർച്ച് 7ന് ഉത്ര മരിച്ചത്. സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാൻ നല്ല വശമുണ്ടെന്ന് മനസിലാക്കിയതായി വനപാലകർ പറഞ്ഞു. ഇയാൾക്ക് എതിരെ നിലവിൽ രണ്ടു കേസുകൾ വനംവകുപ്പ് എടുത്തിട്ടുണ്ട്. ഇതിന് പുറമെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തതായും ചില തെളിവുകൾ കൂടി ശേഖരിക്കാനുണ്ടെന്നും റേഞ്ച് ഓഫീസർ ബി.ആർ ജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: