സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് രണ്ടിരട്ടി മുതല്‍ ഇരുപതിരട്ടി വരെ ബില്ലില്‍ വര്‍ദ്ധന വന്നത് വിവാദമായതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഒരു കോടിയോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇരുട്ടടി പോലെ വൈദ്യുതി ബോര്‍ഡിന്റെ അധികചാര്‍ജ് വന്നത്. എന്നാല്‍ സഌബുകളുടെ വിവിധ ശതമാനനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത് എത്രകണ്ട് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്.
പ്രതിമാസം അമ്പത് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ബില്ലില്‍ അമ്പത് ശതമാനം ഇളവ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും 150 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും അതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനവുമാണ് ഇളവ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം 150 യൂണിറ്റിനടുത്ത് വരും. ഇതനുസരിച്ച് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും അവര്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്ന ബില്ലിലെ നാലും അഞ്ചും പത്തും ഇരട്ടി തുകയുടെ 25 ശതമാനം ഇളവ് ലഭിക്കും. അതായത് ഈ വിഭാഗത്തില്‍ പെട്ടവര്‍ അടച്ചിരുന്ന ദൈ്വമാസ ബില്‍ തുക 1500നും 2000 ഇടയിലായിരുന്നു. അവരില്‍ മിക്കവര്‍ക്കും ലഭിച്ചിട്ടുള്ളത് പതിനായിരത്തിലും കൂടുതല്‍ തുകയ്ക്കുള്ള ബില്ലാണ്. അതില്‍ 25 ശതമാനം കുറഞ്ഞാല്‍ കാര്യമായ നേട്ടം ഈ ഇളവ് കൊണ്ടുണ്ടായി എന്നു പറയാന്‍ കഴിയുമോ? ഇത് ഒരുതരം കണ്ണില്‍ പൊടിയിടലാണ്.
സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ്. സഌബുകള്‍ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍. ആ നിരക്കുകളിലാണ് ഇപ്പോള്‍ ഭീമമായ വര്‍ദ്ധന വന്നിരിക്കുന്നത്. രണ്ടുമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ഇത് ടെലിസ്കോപിക് വിഭാഗം എന്നറിയപ്പെടുന്നു. എന്നാല്‍ ദൈ്വമാസ ഉപഭോഗം 250 യൂണിറ്റിന് മുകളിലാവുന്ന നോണ്‍ ടെലിസ്കോപിക് വിഭാഗത്തിലേക്ക് മാറുമ്പോള്‍ സബ്സിഡി ഇല്ലാതാവുകയും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യും. 500 യൂണിറ്റിന് മുകളിലായാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.90 രൂപയാകും. ഇതിനിടയില്‍ പല സഌബുകള്‍ ഉണ്ട്. കൊറോണ മൂലമുള്ള അടച്ചിടല്‍ കാരണം മീറ്റര്‍ റീഡിംഗ് നടക്കാത്തതിനാല്‍ 60 ദിവസത്തെ നിരക്ക് കണക്കാക്കലിന് പകരം തൊണ്ണൂറോ നൂറ്റിയിരുപതോ ദിവസത്തെ നിരക്കാണ് ബോര്‍ഡ് കണക്കാക്കിയത്. അതനുസരിച്ച് മിക്കവാറും എല്ലാ ഉപഭോക്താക്കള്‍ക്കും ഏറ്റവും ഉയര്‍ന്ന നിരക്കായ 7.90 രൂപ യൂണിറ്റിന് വച്ച് കണക്കാക്കി. ഇതാണ് വൈദ്യുതി ബില്‍ വന്‍തോതില്‍ വര്‍ദ്ധിക്കാനിടയായത്. ഇതാണ് ബോര്‍ഡിന്റെ വിശദീകരണം. ഇത് സാങ്കേതികമായി ശരിയാണ്. എന്നാല്‍ മീറ്റര്‍ റീഡിംഗ് നടക്കാത്തത് ഉപഭോക്താക്കളുടെ കുറ്റം കൊണ്ടല്ലെന്നും നാല് മാസത്തെ വൈദ്യുതി ബില്ല് ഒന്നിച്ചു നല്‍കേണ്ടി വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കനുസരിച്ചുള്ള ബില്‍ തുക നല്‍കേണ്ടി വരുന്നത് നീതീയുക്തമല്ലെന്നും ബോര്‍ഡ് അധികൃതര്‍ മനസ്സിലാക്കണം.
ഊര്‍ജ്ജസംരക്ഷണ ശീലവും ഊര്‍ജ്ജ മിതവ്യയശീലവും ഉപഭോക്താക്കളില്‍ സൃഷ്ടിക്കാനാണ് ഇത്തരമൊരു താരീഫ് ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ മാസത്തില്‍ റീഡിംഗ് എടുക്കുന്നതിന് പകരം രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കമ്പോഴുണ്ടാകുന്ന മൊത്ത ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്ക് ഈടാക്കല്‍ അനീതിയാണെന്ന വിമര്‍ശനം മുമ്പ് തന്നെ ഉയര്‍ന്നതാണ്. ഇപ്പോള്‍ കോവിഡിന്റെ പേരില്‍ മീറ്റര്‍ റീഡിംഗ് രണ്ടുമാസമെന്നത് നാല് മാസം കഴിഞ്ഞാവുമ്പോള്‍ താരീഫിന്റെ അടിസ്ഥാനത്തില്‍ നിരക്കിലുണ്ടാവുന്ന സാങ്കേതികമായ കുതിച്ചുയരല്‍ ഒഴിവാക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം വൈദ്യുതി ബോര്‍ഡിനുണ്ട്. മീറ്റര്‍ റീഡിംഗ് ഗാര്‍ഹിക ഉപഭോക്താക്കളുടേത് 60 ദിവസം കൂടുമ്പോഴും ഗാര്‍ഹികേതര ഉപഭോക്താക്കളുടേത് 30 ദിവസം കൂടുമ്പോഴും ആയിരിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതിനാല് അത് മാറ്റാന്‍ നിര്‍വാഹമില്ലെന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തിലുള്ള സാമ്പത്തികാഘാതം ഈ പ്രതിസന്ധിഘട്ടത്തില്‍ സൃഷ്ടിക്കുന്നതിലെ നീതികേടിനെ ഒരു നീതിന്യായക്കോടതിയും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: