ഇരിട്ടി : ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്. കോവിഡ് ബാധിതരുമായുള്ള നീണ്ട സമ്പർക്കപ്പട്ടികതന്നെ ഇരിട്ടി താലൂക്ക് പരിധിയിൽ ഉണ്ട് എന്നത് തന്നെ ആരോഗ്യ വകുപ്പിന്റെ ഉറക്കം കെടുത്തുകയാണ്. ഇതെല്ലാം കണക്കിലെടുത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ സ്രവ പരിശോധനാ കേന്ദ്രത്തിൽ വിവിധ മേഖലകളിലെ വിവിധ തലത്തിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചു.
വ്യാഴാഴ്ച ഇരിട്ടി , തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയവരുടെ സമ്പർക്കപ്പട്ടികയിൽ പെട്ട 44 പേരുടെ സ്രവം പരിശോധനക്കെടുത്തു. വെള്ളിയാഴ്ച പ്രവാസികളും അന്യ സംസ്ഥാനക്കാരുമായ 37 പേരുടെ സ്രവമാണ് പരിശോധനക്കെടുത്തത് . ഇന്ന് ജലദോഷപ്പനി പോലുള്ള രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്ന 10 പേരുടേയും, പോലീസിൽ നിന്നും , എക്‌സൈസിൽ നിന്നുമുള്ള പത്ത് പേരുടെയും , ആരോഗ്യ പ്രവർത്തകരിൽ നിന്നും പത്ത് പേരുടെയും അടക്കം 30 പേരുടെ സ്രവം പരിശോധനക്കെടുക്കും. സമ്പർക്കത്തിലൂടെയും മറ്റും സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഈ വിധത്തിലുള്ള സ്രവ പരിശോധന കൂട്ടിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: