ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ ചൈനീസ് പട്ടാളം തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങളെ ചെറുക്കുന്നതിനായി സൈനികര്‍ക്ക് പ്രത്യേക സുരക്ഷാ കവചങ്ങള്‍ നല്കുവാനുള്ള ആലോചനയില്‍ പ്രതിരോധ വകുപ്പ്. കഴിഞ്ഞ ദിവസം ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവര്‍ക്കെല്ലം നെഞ്ചിലും മറ്റും ആണികള്‍ തറച്ച കമ്പികള്‍ ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിനേത്തുടര്‍ന്നാണ് ഇത്തരം സാഹചര്യങ്ങളില്‍ ഗുരുതര പരിക്ക് ഉണ്ടാവാതിരിക്കുന്നതിനായി പ്രത്യേക സുരക്ഷാ കവചങ്ങള്‍ നല്കുവാന് തീരുമാനമെടുക്കുന്നത്.
ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മുംബൈ ആസ്ഥാനമായ വിതരണക്കാരില്‍ നിന്ന് 500 സെറ്റ് ഫുള്‍ ബോഡി പ്രൊട്ടക്ടറുകള്‍ സൈന്യം വാങ്ങി. ഇവ എല്‍എസിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വിതരണം ചെയ്യുവാനാണ് തീരുമാനം. താരതമ്യേന ഭാരം കുറഞ്ഞ സുരക്ഷ കവചം ധരിക്കുന്നതിനാല്‍ സൈനികര്‍ക്ക് കല്ലുകളും മറ്റ് മൂര്‍ച്ചയുള്ള വസ്തുക്കളും കൊണ്ടുള്ള ആക്രമണത്തില്‍ നിന്ന് രക്ഷനേടാനാകും.
അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറില്‍ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്പികള്‍ ഉപയോഗിച്ച് കേണല്‍ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടര്‍ന്നു നടന്ന കൂട്ടസംഘര്‍ഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികര്‍ കൊല്ലപ്പെട്ടത്. ഇതിനേത്തുടര്‍ന്ന് കൂടുതല്‍ സൈന്യത്തേയും ഇന്ത്യ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: