തൃശൂര്‍: കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്കും ജീവനക്കാരിക്കും കോറോണ സ്ഥിരീകരിച്ചിട്ടും കോര്പ്പറേഷന് ഓഫീസ് അടച്ചിടാത്ത മേയര്‍ അജിതാ വിജയന്റെ നടപടിയില്‍ പരക്കേ പ്രതിഷേധം. കൊറോണ രോഗ വ്യാപന മുന്‍കരുതല്‍ എടുക്കുന്നതില്‍ കോര്പ്പറേഷന് പരാജയപ്പെട്ടെന്ന് ആക്ഷേപം. ജീവനക്കാരിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോര്പ്പറേഷന് ഓഫീസിലെ 30ഓളം ജീവനക്കാര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്.
മെയിന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് കഴിഞ്ഞ ദിവസമാണ് കോറോണ സ്ഥിരീകരിച്ചത്. ഇന്‍സ്റ്റിറ്റിയൂഷന്‍തല ക്വാറന്റൈന് കേന്ദ്രത്തില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന കോര്‍പ്പേറഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനിലെ 12 ഡിവിഷനുകളെ നിലവില്‍ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലെ സ്ഥിതി അതീവ ഗുരുതരമായിട്ടും നഗരത്തിലെ പ്രധാന ഓഫീസ് അടച്ചിടാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറെ ആശങ്കയിലാണ് കഴിയുന്നത്.
ആരോഗ്യ പ്രവര്‍ത്തകരായ ജീവനക്കാരുടെ സുരക്ഷയില്‍ കോര്പ്പറേഷന് ഗുരുതരമായ വീഴ്ച ഉണ്ടായിയെന്ന് പരാതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ പ്രവര്‍ത്തകര്‍ക്കും പിപിഇ കിറ്റ് പോലും നല്‍കാതെ അവരെ ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു കോര്പ്പറേഷന് അധികൃതര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ നിസാരമായി കണ്ടതിന്റെ അനന്തര ഫലമാണ് സമൂഹ വ്യാപനം ഉണ്ടായെന്ന് ജനം കരുതുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്പ്പറേഷന് ഭരണ നേതൃത്വത്തിനു കടുത്ത അനാസ്ഥയാണെന്ന് വ്യാപക പരാതിയുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരെ ആവശ്യത്തിന് സുരക്ഷാ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ക്വാറന്റൈന് കേന്ദ്രങ്ങളില്‍ നിര്‍ബന്ധപൂര്‍വം പണിയെടുപ്പിച്ചത്.
കോറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കോര്പ്പറേഷന് വലിയ വീഴ്ച തന്നെയുണ്ടായി. ലോക്ഡൗണ്‍ സമയത്ത് പോലും നിരന്തരം കോര്പ്പറേഷന് കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയത് ജാഗ്രതയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. പ്രായമായവര്‍ ഉള്‍പ്പെടെ ഓഫീസില്‍ നിയന്ത്രണമില്ലാതെ കയറിയിറങ്ങി നടക്കുന്ന സാഹചര്യമായിരുന്നു. രോഗം സ്ഥിരീകരിച്ച ശുചീകരണ തൊഴിലാളികളും ഡ്രൈവര്‍മാരും ക്വാറന്റൈനില്‍ കഴിയുന്ന ആരോഗ്യ വിഭാഗം ജീവനക്കാരും ദിവസങ്ങളായി കോര്പ്പറേഷന് ഓഫീസില്‍ കയറിയിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്ക്കമുണ്ടായവരുമാണ്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം ഒഴിവാക്കാന്‍ ഓഫീസ് അടച്ചിട്ട് പരിസരം അണുനശീകരണം നടത്തണമെന്നാണ് കോര്പ്പറേഷന് നിവാസികളുടെ ആവശ്യം. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഓഫീസ് അടച്ചിടാതെ എല്‍ഡിഎഫ് ഭരണ സമിതി ധാര്‍ഷ്ട്യം തുടരുകയാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: