തിരുവനന്തപുരം: വധശ്രമം, സ്പിരിറ്റ് കടത്ത് ഉള്‍പ്പെടെ 23 ലധികം കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പ്രതി ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. ശ്യാമിനെതിരെ കള്ളനോട്ട് കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു.
ആഗസ്റ്റ് 17 നകം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് കോടതി ഉത്തരവിട്ടു. കൂടാതെ പ്രതിയുടെ സ്ഥാവരജംഗമസ്വത്തുക്കള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാന്‍ വില്ലേജ് ഓഫീസര്‍മാരോടും കോടതി ഉത്തരവിട്ടു.
2010 നവംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. പട്ടം പൊട്ടക്കുഴി തേക്കുംമൂട് ‘ഡ്രീം ടച്ച്’ സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നു നില ഫഌറ്റിന്റെ കാര്‍പോര്‍ച്ചിലും മുറ്റത്തുമായി നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിലും മാരുതി റിറ്റ്സ് കാറിലും സൂക്ഷിച്ചിരുന്ന കള്ളനോട്ടുകളും നിര്‍മാണ സാമഗ്രികളും മെഡിക്കല്‍ കോളേജ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: