ബെംഗളൂരു: സംസ്ഥാനത്ത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ (ആര്‍ജിയുഎച്ച്എസ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലേയും ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാതെ അടുത്ത സെമസ്റ്ററില്‍ പ്രവേശിക്കാം.
കൊറോണ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാല്‍ കൊറോണ സാഹചര്യത്തില്‍ ഇളവുകള്‍ വന്നുകഴിഞ്ഞാല്‍ അവര്‍ക്ക് പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ആര്‍ജിയുഎച്ച്എസ് വൈസ് ചാന്‍സലര്‍ എസ്. സച്ചിദാനന്ദ പറഞ്ഞു.
വിദ്യാര്‍ഥികളുടെ താല്പര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. സംസ്ഥാനത്തൊട്ടാകെയുള്ള 3,500 വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഇവരില്‍ പലരും ഈ കാലയളവില്‍ തന്നെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഇവരൊഴിച്ച് മറ്റ് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പരീക്ഷയ്ക്കു ഹാജരാകേണ്ട കാര്യമില്ല. കൂടാതെ കോളേജുകള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളിലേക്ക് വരേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: