കട്ടപ്പന: വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ നിര്ധനകുടുബത്തിലെ വിദ്യാര്‍ത്ഥിനിക്ക് സഹായഹസ്തം നല്കി ഇരട്ടയാര്‍ നോര്‍ത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതര്‍.
അധികൃതരുടെ നേതൃത്വത്തില്‍ പണം സ്വരുക്കൂട്ടി വിദ്യാര്‍ത്ഥിനിയുടെ വീട് വൈദ്യുതീകരിച്ച് നല്കി. ഇരട്ടയാര്‍ ചെമ്പകപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ഇരട്ടയാര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതര്‍ സഹായഹസ്തം നല്‍കിയത്. വീട്ടില്‍ വൈദ്യുതിയോ സ്മാര്‍ട് ഫോണ്‍ സൗകര്യങ്ങളൊ ഇല്ലാത്ത വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ സ്കൂള്‍ അദ്ധ്യാപകരാണ് വീട് സന്ദര്‍ശനവേളയില്‍ മനസിലാക്കിയത്.
തുടര്‍ന്ന് വീട്ടില്‍ വൈദ്യുതി എത്തിക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ക്കായി ഇരട്ടയാര്‍ നോര്‍ത്ത് കെ എസ്ഇബി സെക്ഷന്‍ ഓഫീസില്‍ എത്തി വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ചു. വീട്ടിലെ സാഹചര്യം മനസിലാക്കിയ ഇരട്ടയാര്‍ കെ എസ്ഇബി ഉദ്യോഗസ്ഥനായ വിനോദ് കുമാറും ജീവനക്കാരും ഈ കുടുബത്തിന് സഹായം നല്കാന് തീരുമാനിക്കുകയായിരുന്നു .
ഇതിന്റെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തില്‍ തുക കണ്ടത്തി വീടിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷനുള്ള തുകയും ബോര്‍ഡില്‍ അടച്ച് വൈദ്യുതി കണക്ഷന് നല്‍കുകയായിരുന്നു. ജീവനക്കാരായ ശ്രീരാജ്, ബിജു, എന്നിവര്‍ ചേര്‍ന്നാണ് വയറിംഗ് ജോലികള്‍ നടത്തിയത്.
തുടര്‍ന്ന് കെഎസ്ഇബി നെടുങ്കണ്ടം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യന് കെ. കാശി വൈദ്യുതി ചാര്‍ജ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ അവസരത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടിവി ചെമ്പകപ്പാറ സ്കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: