കോഴിക്കോട്: യുവജന – സന്നദ്ധസംഘടനകളുടെ കരുത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ഓരോ ദിവസവും ഇവിടെ എത്തി രക്തം നല്കുന്നതില് കൂടുതലും യുവജന – സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് 180 യൂണിറ്റ് രക്തമാണ് സാധാരണ ആശുപത്രിയിലേക്ക് ആവശ്യമായി വരാറ്. ആവശ്യം വേണ്ട രക്തം ബ്ലഡ് ബാങ്കില്‍ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ശേഖരത്തിലേക്ക് മാറ്റുകയും ചെയ്യും. ഒരു ദിവസം ശരാശരി നൂറോളം പേരെങ്കിലും ഇവിടെ രക്തം ദാനം ചെയ്യാനായി എത്തുമായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളില്‍ രക്തദാനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ അല്പം കുറവുവന്നെങ്കിലും ആവശ്യമായ രക്തം ബ്ലഡ് ബാങ്കിലുണ്ടായിരുന്നു. കോവിഡ് 19ന്റെ വ്യാപനത്തോടെ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞതോടെ ആവശ്യമുള്ള രക്തത്തിന്റെ അളവ് 110 യൂണിറ്റ് വരെയായി കുറഞ്ഞു. എന്നാലും രക്തത്തിന് ക്ഷാമമുണ്ടായില്ല. രക്തദാനം ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് സേവാഭാരതിയും വിവിധ യുവജന, സന്നദ്ധ സംഘടനകളും ആഹ്വാനം ചെയ്തതോടെ യുവാക്കള്‍ കൂടുതല്‍ സജീവമായി രക്തദാനത്തിനെത്തി. ഇപ്പോള്‍ ദിവസവും അന്‍പതോളം പേര് ശരാശരി രക്തം ദാനം ചെയ്യാന്‍ എത്തുന്നുണ്ട്. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഇവിടെയെത്തി രക്തദാനം നടത്താം.
ലോകരക്തദാന ദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര് രക്തം ദാനം ചെയ്ത സേവാഭാരതിയുള്പ്പെടെയുള്ള സംഘടനകളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രനില്‍ നിന്ന് സേവാഭാരതി ജില്ലാ കമ്മറ്റി അംഗം എം.കെ. മനീഷ് കുമാര്‍, എസ്.ആര്. രോഹിത്ത് എന്നിവര്‍ ആദര ഫലകം ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സജിത്ത് കുമാര്‍, ഡോ.ദീപ, ഡോ.അര്‍ച്ചന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിവൈഎഫ്ഐ, എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.
ദിവസവും ആയിരത്തോളം പേര്‍ക്ക് മെഡിക്കല്‍ കോളേജില്‍ സേവാഭാരതി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കുമായി മറ്റ് പല തരത്തിലുമുള്ള സേവാപ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സേവാഭാരതി നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: