അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളം ഗ്യാപ്പ് റോഡിലുണ്ടായ വന്‍ മലയിടിച്ചിലില്‍ വ്യാപകനാശം. അശാസ്ത്രീയമായ നടപടി മൂലം ഉണ്ടായ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മേഖലയില്‍ ഓരോദിവസം പിന്നിടുമ്പോഴും നടക്കുന്നതെന്നാണ് സ്ഥലം സന്ദര്‍ശിച്ച ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മുമ്പ് പലതവണ മലയിടിച്ചിലുണ്ടായ മലയിന് കള്ളന് ഗുഹയോട് ചേര്‍ന്ന്് വന്മല ഇടിയുന്നത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന് വരികയായിരുന്നു. 13 ഏക്കര്‍ ഏലകൃഷിയടക്കം ആകെ 50 ഏക്കറോളം സ്ഥലം കൃഷിയോഗ്യമല്ലാതായി. രണ്ട് കെട്ടിടങ്ങള്‍
പൂര്‍ണ്ണമായും ഒന്ന് ഭാഗീകമായും തകര്‍ന്നു. ഈ മാസം അഞ്ച് മുതല്‍ ഇതുവഴിയുള്ള ഗതാഗതം ജില്ലാ കളക്ടര്‍ നിരോധിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴുവായത്. അപകടം സബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മലയിടിഞ്ഞതിന് താഴെയായി താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി എടുത്തതായും കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു.
ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്, സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍, ദേവികുളം-ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാര്‍, ശാന്തമ്പാറ- ദേവികുളം പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. 250 മീറ്ററോളം ഉയരത്തില്‍ നിന്നാണ് മലയും കല്ലും മണ്ണും ഇടിഞ്ഞ് വീണത്. ഇതോടെ പ്രദേശത്തെ 200 മീറ്ററോളം നീളമുള്ള റോഡ് ഒലിച്ചുപോയി. ഇവ പതിച്ച് താഴെയുള്ള 13 ഏക്കറോളം ഏലത്തോട്ടം പൂര്‍ണ്ണമായും മണ്ണിനടിയിലായി. വലിയ പാറകഷണങ്ങള്‍ അതേ പോലെ നിരങ്ങി നീങ്ങിയതാണ് റോഡ് അടക്കം തകരാന്‍ കാരണമായത്. 15 മിനുറ്റോളം മേഖലയില്‍ വലിയ പ്രകമ്പനവും ഭൂമികുലുക്കവും അനുഭവപ്പെട്ടതായി സമീപവാസികളും പറയുന്നു.
സൊസൈറ്റിമേട്, കാക്കാകട, കോമാളിക്കുടി, ചങ്ങനാശേരികട എന്നവിടങ്ങളിലാണ് വലിയ പ്രകമ്പനം ഉïായത്. ഇവിടുത്താകാര് വീടിന് പുറത്തേക്ക് ഇറങ്ങിയോടി. കഴിഞ്ഞ വര്‍ഷം നിരവധി തവണ സമാനമായ രീതിയില്‍ തന്നെ വലിയ മലയിടിച്ചിലുണ്ടായിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് വീണ്ടും മലയിടിഞ്ഞ് പോയിരിക്കുന്നത്.
മലയിടിച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയ കോഴിക്കോട് എന്‍ഐറ്റിയിലെ വിദഗ്ധ സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. ഇവിടെയാണ് വീണ്ടും മലയിടിഞ്ഞത്. സംഘം 30ന് വരാനിരിക്കെയാണ് സംഭവം. ഇവരെത്തിയ ശേഷമെ തുടര്‍ നടപടികളും ഗതാഗതം തുറന്ന് കൊടുക്കുന്നതും ആലോചിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 28ന് ഉണ്ടായ മലയിടിച്ചിലെ തുടര്‍ന്ന് അശാസ്ത്രീയവും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമല്ലാത്ത രീതിയിലുമുള്ള റോഡ് നിര്‍മ്മാണവും ആണ് ഇതിന് കാരണമെന്ന് കാട്ടി അന്നത്തെ സബ് കളക്ടര്‍ ഡോ. രേണുരാജ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് മുമ്പ് സബ് കളക്ടറായിരുന്ന പ്രേംകുമാറും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്കി. വലിയ തോതില്‍ അനധികൃതമായി പാറപ്പൊട്ടിച്ചതടക്കം കണ്ടെത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടും നടപടികള്‍ ഇഴയുകയാണ്. വിദഗ്ധ സമിതിയുടെ പഠനമെന്ന ആവശ്യം വന്നെങ്കിലും ഇതിലും കള്ളത്തരം നടന്നതായാണ് നിലവിലെ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ഏറെ പ്രകൃതി ഭംഗിയുണ്ടായിരുന്ന മേഖല ഇതോടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്.
തുടരുന്ന മലയിടിച്ചില്‍ ഭീഷണി
കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് വരെയുള്ള 42 കിലോ മീറ്റര്‍ ഭാഗത്താണ് വീതി കൂട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ ഗ്യാപ്പ് റോഡില്‍ വരുന്ന മൂന്ന് കിലോ മീറ്ററോളം ഭാഗത്താണ് വലിയ തോതില്‍ മലയിടിയുന്നത്. ഏതാണ്ട് 30ല്‍ കൂടുതല്‍ തവണ ഇവിടെ മൂന്ന് വര്‍ഷത്തിനിടെ മലയിടിച്ചിലുണ്ടായിട്ടുണ്ട്. ഇതില്‍ പത്തിലധികവും വലിയ മലയിടിച്ചിലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 15 തവണ മലയിടിഞ്ഞു. വലിയ തോതിലുള്ള ആറോളം സംഭവങ്ങളുമുണ്ടായി.
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച റോഡാണ് വീതി കൂട്ടല്‍ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇടിയാന്‍ ആരംഭിച്ചത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു സംഭവവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അതീവ പരിസ്ഥിതി ലോല മേഖലയായ ഇവിടെ യാതൊരു വിധ പരിശോധനയും നടന്നിരുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പൊട്ടിക്കുന്ന പാറ ഇവിടെ തന്നെ ഉപയോഗിക്കണമെന്നും കൃത്യമായ മണ്ണ്, പാറ പരിശോധന നടത്തി വേണം നിര്‍മ്മാണം എന്നുള്ള കരാറുകളും കാറ്റില്‍ പറത്തി. കിലോ മീറ്റര്‍ ഉയരമുള്ള പാറ കുത്തനെ അരിഞ്ഞിറക്കിയതും വലിയ തോതില്‍ സ്ഫോടനങ്ങള്‍ നടത്തിയതും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതുമാണ് തിരിച്ചടിയായത്.
അശാസ്ത്രീയ നിര്‍മ്മാണം നിര്‍ത്തണം; വേണ്ടത് ബദല്‍മാര്‍ഗം
തൊടുപുഴ: തുടര്‍ച്ചയായ മലയിടിച്ചില്‍ ഉണ്ടാകുന്നതിനാല്‍ ഗ്യാപ്പ് റോഡില്‍ ഇനി നിര്‍മ്മാണങ്ങള്‍ പാടില്ലെന്നാണ് വിദഗ്ധരുടേയും പ്രകൃതി സംരക്ഷകരുടേയും പക്ഷം. ഇവിടെ ഇനി നിര്‍മ്മാണമല്ല വേണ്ടതെന്നും പരിശോധന നടത്തി ബദല്‍മാര്‍ഗം കണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന് പറയുന്നത്.
സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത തരം പ്രത്യേക തരത്തിലുള്ള മലയാണ് ദേവികുളം ഗ്യാപ്പ് റോഡിലുള്ളത്. ഗ്രാനൈറ്റ് മാതൃകയില്‍ ഒന്നിന് മേല്‍ ഒന്നായി അടുക്കിയ രീതിയിലുള്ള പാറയടുക്കാണിത്. ഇതിന്റെയിടക്ക് മണ്ണിന്റെ പാളികളും വിവിധതരം ധാതുക്കളുമടങ്ങിയിട്ടുണ്ട്. വിചിത്രമായ ഭൂപ്രകൃതിയുള്ള മേഖലയാണിത്. ഇവിടെ താഴെ ഭാഗങ്ങളില്‍ വന്‍തോതില്‍ പാറപൊട്ടിക്കുമ്പോള്‍ മുകള്‍ ഭാഗത്തിന് ഇളക്കം തട്ടും, മഴയെത്തുമ്പോള്‍ വെള്ളമിറങ്ങി ഇവ ഇടിയുകയാണ് ചെയ്യുന്നത്. താഴെ പാറപ്പൊട്ടിച്ച് നീക്കുമ്പോള്‍ മുകളിലെ ഭാഗത്തിനെ താങ്ങാനുള്ള ശേഷി ഇവിടെ ഉണ്ടോയെന്നതും പരിശോധിക്കുന്നില്ല. ഒന്നിനെ തൊട്ട് എന്ന തരത്തില്‍ പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന രീതിയിലുള്ള പാറയിടുക്കാണ് ഇവിടെയുള്ളത്. ഇത് ഒന്ന് ഇടിഞ്ഞാല്‍ വീണ്ടും ഇടിയാനുള്ള സാധ്യതയും കൂട്ടുന്നു. ഇതാണ് തുടര്‍ച്ചയായ മലയിടിച്ചിലും വ്യക്തമാക്കുന്നതെന്നും എം.എന്‍. ജയചന്ദ്രന് പറഞ്ഞു.
നിര്‍മ്മിക്കുന്നത് 42.78 കി.മീ. റോഡ്
ഇടുക്കി: ശരാശി 12 മീറ്റര്‍ വീതിയില്‍ ഉപരിതലം കിട്ടത്തക്ക വിധത്തില്‍ 42.78 കി.മീ. റോഡാണ് മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. ബസ് ബേയ്ക്കും ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്ങ്ങളിലും അപകടകരമായ വളവുകള്‍ നിവര്ത്തുന്നതിനുമാണ് എസ്റ്റിമേറ്റുള്ളത്. 5,30,676 ക്യുബിക് മീറ്റര്‍ പാറ ഖനനത്തിന് ആകെ തുകയായ 13.67 കോടി കുറച്ച് 298 കോടിക്കാണ് എസ്റ്റിമേറ്റ് നിശ്ചയിച്ച് ഓപ്പണ്‍ ടെണ്ടര്‍ വിളിച്ചത്.
ഇതില്‍ ഏറ്റവും കുറവ് തുകയായ 268 കോടി ക്വട്ടേഷന്‍ അംഗീകരിച്ചാണ് ഹൈദരാബാദിലെ ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഇവരില്‍ നിന്ന് പിന്നീട് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മ്മാണം ഉപകരാര്‍ എടുക്കുകയായിരുന്നു. എന്നാല്‍ കമ്പനിയുടെ അശാസ്ത്രീയമായ നിര്‍മ്മാണവും വന്‍തോതിലുള്ള പാറഖനനവും സംരക്ഷണഭിത്തിയും നിര്‍മ്മിക്കാത്തത് മൂലം ദേവികുളം-ചിന്നക്കനാല്‍ വരെയുള്ള (ഗ്യാപ്പ് റോഡ്) വഴി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: