ബത്തേരി: പിഎംഇജിപി മുദ്ര ലോണ്‍ നിഷേധത്തിനെതിരെ ഇരുളം ഗ്രാമീണ്‍ ബാങ്ക് ലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര ഗവണ്മെന്റ് വിദ്യാസമ്പന്നരായ യുവതികള്‍ക്കും യുവാക്കള്‍ക്കും സ്വയം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ടി യുവതികള്‍ക്ക് 35 ശതമാനം സബ്സിഡിയോടു കൂടിയും, പുരുഷന്മാര്ക്ക് 25 ശതമാനം സബ്സിഡിയോടു കൂടിയും ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകള്‍, ഫാമുകള്‍, മില്ലുകള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍, ഇലക്ട്രിക് ഷോപ്പുകള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, വാടക സ്റ്റോറുകള്‍, കാറ്ററിംഗ് സര്‍വീസ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വാടകയ്ക്ക് നല്കുന്ന ഷോപ്പുകള്‍ തുടങ്ങി വിവിധതരം പദ്ധതികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ആണ് പ്രതിഷേധിച്ചത്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ പിഎംഇജിപി (പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം) മുദ്ര ലോണ്‍ പദ്ധതിയില്‍ അപേക്ഷിച്ച വനിതകള്‍ക്ക് ഖാദി കമ്മീഷന് ഇന്റര്‍വ്യൂ നടത്തി യോഗ്യതയുണ്ട് എന്ന് കണ്ടെത്തിയ രണ്ട് പ്രൊജക്ടുകള്‍ യാതൊരു കാരണവും കൂടാതെ ഹിയറിങ് പോലും നടത്താതെ മാനേജറുടെ സ്വാര്‍ത്ഥ താല്പര്യ പ്രകാരം റിജക്റ്റ് ചെയ്തു. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനത്തെ പുല്ല് വിലകല്‍പ്പിക്കാത്ത നിലപാടാണ് മാനേജര്‍ സ്വീകരിച്ചത്. ജനുവരി മാസം 27ന് തീയതി ഖാദി കമ്മീഷന്റെ ഇന്റര്‍വ്യൂ പാസ്സായ അപേക്ഷകരുടെ പ്രൊജക്ടിന്റെ ഹാര്‍ഡ് കോപ്പി കെ വി ഐ സി, ഡിഐസി എന്നിവര്‍ ബാങ്കിന് അയച്ചു നല്കി. എന്നാല്‍ മാര്‍ച്ച് മാസം ഇരുപത്തിമൂന്നാം തീയതി വരെ ബാങ്ക് ഇതിന്മേല് തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയും ശേഷം മാര്‍ച്ച് മാസം ഇരുപത്തിനാലാം തീയതി ലോണ്‍ റിജക്ട് ചെയ്തതായി കാണിച്ച് മെയ് മാസം അഞ്ചാം തീയതി അപേക്ഷകരെ അറിയിച്ച സാഹചര്യമാണ് ഉണ്ടായത്.
ശേഷം ഇവര്‍ക്ക് റിജെക്റ്റ് ലെറ്റര്‍ നല്‍കുകയും വളരെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അപേക്ഷകര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ലോണ്‍ അനുവദിക്കാം എന്നാണ് മാനേജരുടെ നിലപാട്. ഇരുളത്ത് വിജയിക്കില്ല എന്ന് മാനേജര്‍ പറയുന്ന അതേ പ്രൊജക്ടിന് ഈഡ് നല്കിയാല് ലോണ്‍ കൊടുക്കാം എന്നു പറയുന്നതില്‍ മാനേജരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാം. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ഖാദി കമ്മീഷന് ചെയര്മാന് എന്നിവര്‍ക്ക് അപേക്ഷകര്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ കേന്ദ്രത്തില്‍ നിന്നും അറിയിച്ചതിനെതുടര്‍ന്ന് അപേക്ഷകര്‍ ബാങ്കില്‍ ചെല്ലുകയും ചെയ്തു എന്നാല്‍ ആര് ഇടപെട്ടാലും ലോണ്‍ അനുവദിക്കുകയില്ല എന്ന് വീണ്ടും മാനേജര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ പ്രസക്തി എന്ത് എന്ന് പൊതുജനത്തിനേ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം സമിതി പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ഈ യുവതികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബിജെപി പൂതാടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി മധു ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന് നെല്ലിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എസ് ഷിബി, മണ്ഡലം സെക്രട്ടറി സിനീഷ് വാകേരി മണ്ഡലം സെക്രട്ടറി സ്മിതസജി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു, ലിനില്‍ കക്കടം, ഉണ്ണികൃഷ്ണന്, വസന്തകുമാരി, മുരളി വരദൂര്‍, സന്തോഷ് ആചാരി മനോജ് ഇരുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: