കൊറോണ വൈറസിനെതിരായ പ്രതിരോധം തീര്‍ത്ത് ലോകമെങ്ങും ലോക്ഡൗണിലായപ്പോള്‍ ബ്രിട്ടീഷുകാരും ജപ്പാന്‍കാരും ഏറ്റവും കൂടുതല്‍ വായിച്ചത് ഒരു നോവലാണ്. ലോകപ്രശസ്ത എഴുത്തുകാരനും തത്വചിന്തകനുമായ അല്‍ബേര്‍ കമ്യൂവിന്റെ ‘ദി പ്ലേഗ്’ എന്ന പുസ്തകം വളരെ വേഗത്തിലാണ് ബ്രിട്ടണിലും ജപ്പാനിലുമടക്കം പല രാജ്യങ്ങളിലും വിറ്റഴിഞ്ഞത്. കൊറോണ വൈറസ് ലോകമെങ്ങും മഹാമാരിയായി പടര്‍ന്നു പിടിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ ജപ്പാനിലെ ചില ഡോക്ടര്‍മാര്‍ ജനങ്ങളോട് പറഞ്ഞുവത്രെ, ‘ദി പ്ലേഗ്’ വായിക്കാന്‍!
അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ ഒരു നൂറ്റാണ്ട് മുമ്പ് പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കിയാണ് ആല്‍ബേര്‍ കമ്യൂ നോവല്‍ രചിച്ചത്. മഹാമാരി മനുഷ്യരാശിക്കുമേല്‍ വന്നു പതിക്കുമ്പോള്‍ എങ്ങനെയാണതിനെ നേരിടുക എന്നത് ആധുനിക സമൂഹത്തിന് പരിചയമുള്ളതല്ല. എന്നാല്‍ പ്ലേഗിനെ ഒരു ജനത നേരിട്ടതെങ്ങനെയാണെന്നും വൈദ്യശാസ്ത്രം അത്രകണ്ട് വളര്‍ന്നിട്ടില്ലാത്തകാലത്തും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ശൈലിയും രീതിയുമെന്താണെന്നും പ്ലേഗ് വരച്ചുകാട്ടുന്നു. രോഗം വന്ന് മനുഷ്യന്‍ മൃഗങ്ങള്‍ക്കൊപ്പം, മൃഗതുല്യരായി തെരുവില്‍ മരിച്ചു വീഴുന്നതിന്റെ ഭീകരതയും ദൈന്യതയും ഈ നോവല്‍ ബോധ്യപ്പെടുത്തുന്നു. കൊറോണക്കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്. എന്നും ചെയ്യുന്ന കാര്യങ്ങളൊന്നും ചെയ്യാനാകാതെ വീടുകളിലേക്ക് ഒതുങ്ങിപ്പോവുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്തവരില്‍ കൂടുതല്‍ പേരും വായനയെയാണ് ശരണം പ്രാപിച്ചത്. നമ്മുടെ കൊച്ചു കേരളത്തിലും ദി പ്ലേഗിന് ആരാധകരുണ്ടായി. ഓണ്‍ ലൈനായും അല്ലാതെയും ‘ദി പ്ലേഗ്’നെ അന്വേഷിച്ചവര്‍ നിരവധി. വായനയുടെ വസന്തം വിരിയിച്ച കൊറോണക്കാലം വായനാദിനത്തിലും തുടരുകയാണെന്നത് പ്രത്യേകതയാണ്.
പാശ്ചാത്യ എഴുത്തുകാര്‍ മാത്രമല്ല രോഗവ്യാപനത്തിന്റെ തീക്ഷ്ണത വെളിപ്പെടുത്തിയ രചനകള്‍ സമ്മാനിച്ചിട്ടുള്ളത്. നമ്മുടെ കൊച്ചു കേരളത്തിലും അത്തരം നിരവധിയായ മികച്ച സൃഷ്ടികളുണ്ടായിട്ടുണ്ട്. എം.ടി.വാസുദേവന്‍നായരുടെ ‘കാല്‍ചിലമ്പും പള്ളിവാളും’ എന്ന കഥയില്‍ വസൂരി രോഗത്തെ കുറിച്ചാണ് പറയുന്നത്. ആ കഥ പിന്നീട് പ്രശസ്തമായ ‘നിര്‍മ്മാല്യം’ എന്ന ചലച്ചിത്രമായി. നിര്‍മ്മാല്യത്തില്‍ ആരും രോഗം വന്ന് മരിക്കുന്നതായി പറയുന്നില്ല. എന്നാല്‍ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ആശയസംഘര്‍ഷത്തെയാണ് കഥാകൃത്ത് പ്രതിപാദിക്കുന്നത്. എം.ടിയുടെ ‘അസുരവിത്തി’ല്‍ കോളറ മരണങ്ങളുടെ ഘോഷയാത്ര തന്നെയുണ്ട്. ‘നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന ഗ്രാമത്തിനു മുകളില്‍ മരണം ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകു വിരുത്തി വട്ടമിട്ടു പറക്കുന്നുണ്ടെന്നു തോന്നി’ എന്നാണ് എംടി എഴുതുന്നത്.
‘ജമന്തിപ്പൂക്കള്‍ വിരിഞ്ഞുപൊട്ടി’ എന്നാണ് ഒ.വി.വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ വസൂരിയെ വിശേഷിപ്പിച്ചത്. രോഗം ബാധിച്ച രവിയെ രാജാവിന്റെ പള്ളിയിലാണ് താമസിപ്പിക്കുന്നത്. രവി രോഗമുക്തി നേടി തിരിച്ചുവന്നെങ്കിലും നിരവധി ഖസാക്കുകാര്‍ക്ക് അതിനെ അതിജീവിക്കാനായില്ല. അതിജീവിച്ചവരില്‍ ചിലര്‍ക്ക് കാഴ്ച പോയി. കുട്ടികളായിരുന്നു മരിച്ചവരിലേറെയും. ഹാജര്‍ പുസ്തകത്തില്‍ ആ പേരുകള്‍ക്ക് താഴെ പച്ചമഷിയില്‍ അടിവര മാത്രമാണിട്ടത്. അവയൊന്നും വെട്ടിക്കളയാന്‍ രവിക്ക് കഴിഞ്ഞില്ല. അവിടെയും ശവം മറവു ചെയ്യുന്നതിന് ചുമതലപ്പെടുത്തപ്പെട്ടത് പറയരും മറ്റുമായിരുന്നു. വേനലിന്റെ രാത്രിയിലൂടെ പണ്ടാര ശവങ്ങള്‍ ചുമന്നുകൊണ്ട് പറയര്‍ നടന്നു. മൈമൂന നൈജാമണ്ണന്റെ യന്ത്രം കെട്ടിയാണ് രോഗത്തെ പ്രതിരോധിക്കുന്നത്.
കാക്കനാടന്റെ വസൂരി എന്ന നോവലും രോഗത്തെ കുറിച്ചാണ് സംസാരിച്ചത്. ഒരു രോഗം ഒരു ദേശത്തെ ശാരീരികമായും മാനസികമായും കീഴ്‌പ്പെടുത്തുന്നതെങ്ങനെയെന്നാണ് കാക്കനാടന്‍ എഴുതിയത്. വസൂരി കുമിളകള്‍പോലെ നമ്മുടെ മനസില്‍ പൊന്തിവരുന്ന, ചിലപ്പോഴൊക്കെ ഒന്ന് പ്രലോഭിപ്പിച്ച്, പേടിപ്പിച്ചിട്ട് പതിയെയങ്ങ് മങ്ങുന്ന, പലപ്പോഴും പൊട്ടി ചലവും രക്തവുമൊലിപ്പിച്ച് സര്‍വവും വെണ്ണീറാക്കുന്ന വികാര വിചാരങ്ങളെ പച്ചയായി നമുക്ക് കാട്ടിത്തന്നു കാക്കനാടന്‍ ‘വസൂരിയി’ലൂടെ.
പുസ്തകം കൈകൊണ്ട് തൊടാന്‍ ചിലര്‍ ഭയന്നു. അക്ഷരങ്ങള്‍ വഴി രോഗം വരുമോ എന്നതായിരുന്നില്ല ഭയം. അക്ഷരം പതിപ്പിച്ചിരുന്ന കടലാസിനെ ഭയന്നു. കടലാസ് വൈറസിനെ കൊണ്ടുവരുമെന്ന ധാരണയെ വിദഗ്ധര്‍ അപ്പാടെ തള്ളിക്കളഞ്ഞുമില്ല. അതു കൊണ്ടാണ് രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് വായന ഓണ്‍ലൈനിലേക്ക് മാറിയത്. പ്രസാധകര്‍ കുറഞ്ഞ വിലയില്‍ പുസ്തകങ്ങള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം നല്‍കി. മലയാള പുസ്തകങ്ങള്‍ക്കൊപ്പം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, അല്‍ബേര്‍ട്ട് കമ്യൂവിന്റെ ‘ദി പ്ലേഗ്’ ഉം ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി നാദിയാ മുറാദ് എഴുതിയ ‘ഞാന്‍ നാദിയാ മുറാദ്’ എന്ന പുസ്തകവും ഓണ്‍ലൈനില്‍ ഏറെ വായിക്കപ്പെട്ടു. ഖസാക്കിന്റെ ഇതിഹാസത്തിനുംവസൂരിക്കും അന്വേഷകരേറെയുണ്ടായപ്പോള്‍ പെരുമ്പടവത്തിനുംകെ.ആര്‍.മീരയ്‌ക്കും വായനക്കാരെ ലഭിച്ചുകൊണ്ടേയിരുന്നു. പമ്മന്റെ ഇക്കിളി നോവലുകളും ലോക്ഡൗണ്‍ വിരസതമാറ്റാന്‍ വായനക്കാര്‍ ഓണ്‍ ലൈന്‍ സൈറ്റുകളില്‍ അന്വേഷിച്ചു, കണ്ടെത്തി.
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ…..” എന്നത് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന് കരുത്തു പകര്‍ന്ന വാക്കുകളാണ്. സാക്ഷരത പ്രചരിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും അതിന്റെ പ്രചാരകര്‍ തെരുവു തോറും പാടി നടന്ന വാക്കുകള്‍. പട്ടിണിയാണെങ്കിലും നീ വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ടവനോട്, പട്ടിണിയാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകുമതെന്നതായിരുന്നു ആ കവിത നല്‍കിയ സന്ദേശം. അറിവാര്‍ജ്ജിക്കാത്തവനെയും അറിവെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തവനെയും ചൂഷണം ചെയ്യുന്നവരാണ് അവരെ പട്ടിണിയിലേക്കും തള്ളിവിട്ടത്. പട്ടിണി മാറ്റാന്‍ പുസ്തകം വായിച്ചു തുടങ്ങിക്കൊള്ളൂ എന്ന ആഹ്വാനത്തിന് പ്രസക്തിയുണ്ടാകുന്നതും അതിനാലാണ്. പക്ഷേ, പട്ടിണികിടക്കുന്ന, നിരക്ഷരന്‍ എങ്ങനെ ഡിജിറ്റല്‍ വായനയ്‌ക്ക് പ്രാപ്തനാകും എന്നതാണ് ആധുനിക കാലത്ത് വായന നേരിടുന്ന പ്രസക്തി. ഇ-വായന നിരക്ഷരന് ഏതുനാട്ടിലും കയ്യെത്തിപ്പിടിക്കാനാകാത്ത കാഴ്ചവസ്തുവാണ്. ഡിജിറ്റല്‍ വായനയുടെ പ്രതിസന്ധിയും അതുതന്നെ.
കൊറോണ വൈറസിനെ ഭയന്ന് നമ്മുടെ വായനശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പുസ്തകങ്ങള്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്തില്ല. ചില സംഘടനകളുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതികളുണ്ടായി. ചെയ്തിടത്തെല്ലാം അത് വിജയവുമായി. വായനശാലകളില്‍ പുസ്തകങ്ങള്‍ ക്വാറന്റൈനിലായപ്പോഴാണ് ഓണ്‍ലൈനില്‍ പുസ്തകങ്ങളെത്തിയത്. ഇന്ന് വായനാദിനമാണ്. വായന ഒരു സംസ്‌കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ച പി.എന്‍.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍.പണിക്കരുടെ ശ്രമഫലമായാണ്. നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണ ജനങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നത് അദ്ദേഹത്തിനു ജീവിത വ്രതമായിരുന്നു. അതിനു പണിക്കര്‍ സഹിച്ച യാതനകള്‍കള്‍ക്ക് കണക്കില്ല. 1926ല്‍ നീലംപേരൂരില്‍ സനാതന ധര്‍മ്മ വായനശാല അദ്ദേഹം സ്ഥാപിച്ചു. 1945ല്‍ പണിക്കര്‍ മുന്‍കയ്യെടുത്ത് അമ്പലപ്പുഴയില്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാ സംഘം രൂപീകരണയോഗം വിളിച്ചു ചേര്‍ത്തു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യരായിരുന്നതിനാല്‍ തിരുവിതാംകൂറില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. സിപിയോടുള്ള എതിര്‍പ്പായിരുന്നു കാരണം.
ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തന ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ പ്രചാരണ ജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഇന്നത്തെ ഗ്രന്ഥശാലാ പ്രസ്ഥാനം രൂപപ്പെട്ടതങ്ങനെയാണ്. കാലമിത്ര കഴിഞ്ഞിട്ടും വായനയെക്കുറിച്ചും വായനശാലകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് പി.എന്‍.പണിക്കര്‍ എന്ന മനുഷ്യന്‍ ഉണ്ടായതിനാലാണ്. വായന ഡിജിറ്റലായാലും അല്ലാത്തതായാലും സാധാരണക്കാരിലേക്കെത്തണം. അപ്പോഴാണ് അതിന് ഫലവും പ്രസക്തിയുമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: