കളമശേരി: കളമശേരി പോലീസ് സ്റ്റേഷനില്‍ ഒരു പോലീസുദ്യോഗസ്ഥന് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന പ്രദേശത്ത് ജനം പരിഭ്രാന്തിയിലായി. കടകള്‍ തുറക്കാമോ, പുറത്തിറങ്ങാമോ തുടങ്ങി പല തരത്തിലുള്ള ആശങ്കകള്‍ പങ്കുവെച്ചും വിവരങ്ങള്‍ അന്വേഷിച്ചും ജനങ്ങള്‍ ഏറെ നേരം ആശയക്കുഴപ്പത്തിലായി. സര്‍ക്കാര്‍ ഔദ്യോഗികമായി വിവരം അറിയിക്കാത്തതും മറ്റ് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ വിവരമറിയുന്നതുമാണ് പ്രശ്നം.
നഗരനടുക്കുള്ള പോലീസ് സ്റ്റേഷനായതിനാല്‍ ഏറ്റവും ആളുകള്‍ വന്നു പോകുന്ന പ്രദേശത്ത് എന്തു മുന്‍കരുതലും നടപടികളുമാണ് വേണ്ടതെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയായിരുന്നു. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടായേക്കാമെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനം അടിയന്തിരമായി ഈ കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും തുടര്‍നടപടികളും സകല ജനങ്ങളേയും അറിയിക്കാനുള്ള സംവിധാനമാണ് ഇനി ഉണ്ടാക്കേണ്ടത്. പ്രദേശം ഹോട്സ്പോട്ടാക്കുമെന്നും കടകള്‍ പോലും തുറക്കില്ലെന്നും മറ്റുമുള്ള പ്രചാരണത്തോടെ അവശ്യ വസ്തുക്കള്‍ സംഭരിക്കാനുള്ള തിടുക്കത്തിലായിരുന്നു രാവിലെ പലരും. ഇത് കൂടുതല്‍പേര്‍ പൊതു നിരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്താന്‍ ഇടയാക്കിയേക്കുകയും ചെയ്തു.
കളമശേരിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച പോലീസുദ്യോഗസ്ഥന്റെ വീട് പെരുമ്പാവൂര്‍ വെങ്ങോലയിലാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസംവരെ പ്രദേശത്ത് എല്ലാവരുമായി ഇടപഴകിയിട്ടുള്ളതിനാല്‍ അവിടവും ഹോട്സ്പോട് ആയേക്കുമെന്ന ആശങ്കയും പ്രചാരണവും ഉണ്ട്. അവിടെയും ജനങ്ങള്‍ പരിഭ്രാന്തരാണ്. ഇത്തരം സാഹചര്യങ്ങള്‍ പെട്ടെന്ന് ഉണ്ടായാല്‍ പൊതു ജനങ്ങളെ അതിവേഗം അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് അടിയന്തിരമായി വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ അറിയിപ്പ് വൈകിട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: