ഇരിക്കൂര്‍: കോവിഡ് രോഗം ബാധിച്ച് ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട ബ്ലാത്തൂര്‍ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന് സുനിലിനെ കോവിഡ് കീഴടക്കിയത് ജോലി ലഭിച്ച് എട്ട് മാസം തികയും മുമ്പ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും എക്സൈസ് ഡ്രൈവറായി ജോലി ലഭിച്ച സുനില്‍ എക്സൈസ് വകുപ്പിന്റെ ആറുമാസത്തെ പരിശീലനം നേടാനായി തൃസൂരിലേക്ക് പോകാനിരിക്കേയാണ് വിധി തട്ടിയെടുത്തത്.
കോവിഡ് കാരണം പരിശീലനം പലതവണയായി മാറ്റിവെയ്ക്കുകയായിരുന്നു. എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഉദ്യോസ്ഥര്ക്കാര്ക്കിടയിലും നാട്ടില്‍ യുവാക്കളുള്പ്പെടെയുളളവര്ക്കിടയിലും സൗമ്യ സാന്നിധ്യമായിരുന്ന സുനില്‍ ഏറെക്കാലം ചെങ്കല്‍ ലോറികളിലും സ്വകാര്യ ബസ്സില്‍ ഡ്രൈവറായും ജോലി ചെയ്തതിനാല്‍ തന്നെ വലിയൊരു സൗഹൃദ് ബന്ധത്തിനുടമയായിരുന്നു.
അച്ഛനും അമ്മയും ജേഷ്ഠനും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന സുനില്‍ അവിവാഹിതനായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം 6മണിയോടെ ഊരത്തൂരിലെത്തിച്ച സുനിലിന്റെ മൃതദേഹം ഊരത്തൂരിലെ പടിയൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള കര്‍ശന സുരക്ഷയോടെ സംസ്ക്കരിച്ചു.
ഇരിക്കൂര്‍ എസ്ഐ ശ്രീഹരി, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: