കാസര്‍കോട്: നൂറ്റാണ്ടുകളായി കേരള ജനത ആര്‍ജിച്ച ആരോഗ്യ ബോധം, വിഭ്യാഭ്യാസ രംഗത്തെ സ്വയം പര്യാപ്തത തുടങ്ങിയവയെ ഇന്ന് തന്റെ കഴിവുകളെ മറയ്ക്കാന്‍ വേണ്ടി പിണറായി വിജയന് അലങ്കാരമാക്കി രാഷ്ട്രിയ നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യഷന് സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അതിവിദഗ്ദ്ധമായിട്ടാണ് കോവിഡിനെ നേരിട്ടത്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ കരുതലിനെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിപിപി കിറ്റുകളെത്തിച്ചു നല്കി. മരുന്നുകള്‍ സാമ്പത്തികമെല്ലാം ചെയ്തു കൊടുത്തു. വികസിത രാജ്യങ്ങള്‍ പോലും പകച്ച് നിന്നപ്പോള്‍ ഭാരതത്തില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.
ജനപ്രതിനിധികളുടെ ശമ്പളം പോലും വെട്ടിക്കുറച്ച് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകളും ഭക്ഷണ സാധനങ്ങളും കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കി, സാധാരണ ജനങ്ങള്‍, സ്ത്രീകള്‍, ചെറുകിട കച്ചവടക്കാര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പാക്കേജയ 20 ലക്ഷം കോടി രൂപ അനുവദിച്ച് രാജ്യത്തെ കൈപിടിച്ചുയര്‍ത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരള മുഖ്യനും ധനമന്ത്രിയുമെന്നും കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടക്കുകയാണ് ചെയ്തത്. കേരളത്തിന്റെ റവന്യു കമ്മി നികത്താന്‍ 4200 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത്. കൂടാതെ വായ്പ പരിധി വര്‍ദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥനങ്ങളെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ കേരളം വേണ്ടത്ര തയ്യറടുപ്പുകള്‍ നടത്താതെതയാണ് ക്ലാസ്സുകളാരംഭിച്ചത്. ഇതുമൂലം വിദ്യാഭ്യാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറുന്ന കാഴ്ച്ച കാണേണ്ടി വന്നു.
നമ്പര്‍ വണ്‍ കേരളത്തില്‍ ഇന്ന് രണ്ടേമുക്കാല്‍ ലക്ഷം വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലെന്ന വസ്തുത പോലും മനസിലാകാതെയാണ് ഉപദേശകരുടെ വാക്ക് കേട്ട് മുഖ്യമന്തി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. സന്നദ്ധ സംഘടനകളും ബിജെപിയും പാവപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് കൊണ്ടാണ് മരണനിരക്ക് കൂടാതെ നിന്നത്. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുകഴ്ത്തി പറഞ്ഞ മുഖ്യന് ഇപ്പാള്‍ പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് വാശി പിടിച്ച മുഖ്യന് കേരളത്തില്‍ 2 ലക്ഷം ക്വാറന്റേന്‍ റൂമുകള്‍ സജ്ജമാണെന്നാണ് അറിയിച്ചത്. ഇത് വിശ്വസിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനം അനുവദിച്ചത്. എന്നാല്‍ നാട്ടിലെത്തിയ പ്രവസികള്‍ ഹോം ക്വാറന്റൈനാണ് ചെയ്യേണ്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും മനസിലാകുന്നില്ല. ഇന്നിപ്പോള്‍ പ്രവാസികള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തിയിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇത് തികച്ചും അന്യായമാണ്. കോവിഡ് കാലത്തിനെ പാര്‍ട്ടി ഫണ്ട് നിറയ്ക്കാനുള്ള അവസാരമായിട്ടാണ് ഇടത് തുപക്ഷം കാണുന്നത്. സ്പ്രിംഗ്ലര്‍ അഴിമതി, മണല്‍ അഴിമതി തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്ന് സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്, സംസ്ഥാന സമിതി അംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറിമാരായ അഡ്വ: സദാനന്ദ റൈ, വിജയ്കുമാര്‍ റൈ, മഞ്ചശ്വരം മണ്ഡലം പ്രസിഡണ്ട് മണികണ്ട റൈ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര് സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയ മധൂര്‍, ട്രഷറര്‍ ജിതേഷ്, കൗണ്‍സിലര്‍മാരായ സന്ധ്യാ വി ഷെട്ടി, ശങ്കര ജെപി നഗര്‍, മെമ്പര്‍മാരായ ശ്രീധര്‍ കുഡ്ലു, വെങ്കട്ടരമണ അഡിഗ, ബിജെപി മധുര് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണ സുര്‍ളു, മാധവമാസ്റ്റര്‍, ഉമേഷ്, കെ.ജി ഹരീഷ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: