ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിന പരിശോധന 15000മുതല്‍ 20000വരെയാക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി കെ.സുധാകര്‍ പറഞ്ഞു. പരിശോധന നടത്താന്‍ 41 സര്‍ക്കാര്‍ ലാബുകള്‍ക്കും 31 സ്വകാര്യ ലാബുകള്‍ക്കും ഐസിഎംആര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിഗദ്ധര്‍ എന്നിവരുമായുള്ള അവലോകന യോഗത്തിനു ശേഷമാണ് പരിശോധന വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് മന്ത്രി വിശദീകരിച്ചത്. പുതിയ പരിശോധന നയം അനുസരിച്ച് അന്തര്‍സംസ്ഥാന യാത്രക്കാര്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരിലാകും കൂടുതല്‍ പരിശോധന നടത്തുക.
ഇതോടൊപ്പം ഭക്ഷണ വിതരണ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, പോസ്റ്റല്‍ വിതരണക്കാര്‍, കുറിയര്‍ കമ്പനി ജീവനക്കാര്‍, ഇ-കൊമേഴ്സ് വിതരണക്കാര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബില്ലിഗ് കൗണ്ടറുകളില്‍ ജോലി ചെയ്യുന്നവരെയും ഒപ്പം ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവരെയും പരിശോധിക്കും.
പൗരകര്‍മികര്‍, ചേരി പ്രദേശത്ത് താമസിക്കുന്നവര്‍, അമ്പതു വയസിനു മുകളിലുള്ളവര്‍, ഇന്‍ഫ്ളുവന്‍സ രോഗബാധിതര്‍, ശ്വാസതടസ രോഗികള്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍ എന്നിവരെയും പരിശോധിക്കും.
നേരത്തെ കണ്ടൈന്‍മെന്റ് സോണുകളായിരുന്നിടങ്ങളില് റാന്‍ഡം പരിശോധന നടത്തും. വൈറസ് സമൂഹത്തില്‍ എവിടെയെങ്കിലും പടര്‍ന്നിട്ടുണ്ടോയെന്നും പഴയ കണ്ടൈന്‍മെന്റ് സോണുകളില്‍ എവിടെയെങ്കിലും പുതിയതായി വൈറസ് ബാധയുണ്ടോയെന്നും പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തുടനീളം കൂടുതല്‍ കിടക്കകള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: