തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇന്ന് മുതല്‍ 30 വരെ വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. അതേസമയം പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. പരമാവധി 10 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിന് ആശങ്കയുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിയതിനാല്‍ ആശങ്കയും നിലനില്‍ക്കുകയാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാടിന്റെ പല പ്രദേശത്തും കോവിഡ് വ്യാപനം കൂടുകയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പല ജില്ലകളിലും ആശങ്ക നിലനില്‍ക്കുകയാണ്.
അടുത്തമാസം 20ന് നടക്കുന്ന കര്‍ക്കടക വാവുബലി സാമൂഹികാകലം പാലിച്ച് ബലിതര്‍പ്പണം നടത്താന്‍ പ്രയാസമാണ്. ബലിതര്‍പ്പണം എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ഇതിന്റെ ആദ്യഘട്ട ചര്‍ച്ച ഇന്നലെ നടന്നെങ്കിലും തീരുമാനമായില്ല. ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മറ്റ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അതാത് ക്ഷേത്ര ഭരണസമിതികള്‍ക്ക് തീരുമാനം എടുക്കാമെന്നും എന്‍.വാസു പറഞ്ഞു.
കഴിഞ്ഞ 9നാണ് ലോക്ഡൗണില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ തുറക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറന്നതിനെതിരെ വിശ്വാസി സംഘടനകളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള എതിര്‍പ്പാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: