തിരുവനന്തപുരം: കോവിഡാനന്തര അതിജീവനത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രാജ് ഭവനിലും പച്ചക്കറി കൃഷി ആരംഭിച്ചു.ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പച്ചക്കറി തൈ നട്ട് കൊണ്ട് രാജ് ഭവനിലെ കൃഷി ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് രാജ് ഭവനില്‍ കൃഷി ആരംഭിച്ചത്. രാജ് ഭവനില്‍ തരിശായികിടന്നിരുന്ന 5 ഏക്കര്‍ ഭൂമിയിലാണ് വെണ്ടയും, വഴുതനയും, മരച്ചീനിയും,മുളകും, പപ്പായയും, ചോളവുമുള്പ്പെടെ ഇരുപത്തിയാറ് തരം പച്ചക്കറി തൈകളും,കിഴങ്ങു വര്‍ഗ്ഗങ്ങളും, പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നത്.
വീടുകളില്‍ കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയണമെന്ന സന്ദേശമാണ് രാജ് ഭവനില്‍ ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ തനിക്ക് നല്‍കാനുള്ളതെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചു.
കൂടെ രാജ് ഭവനില്‍ ആരംഭിച്ച കൃഷിയില്‍ നിന്ന് വിഷരഹിതമായ പച്ചക്കറികള്‍ ലഭിക്കുമെന്നുള്ള സന്തോഷവും ഗവര്‍ണ്ണര്‍ പങ്കുവച്ചു.മന്ത്രി വി.എസ്. സുനില്‍കുമാര്‍, മേയര്‍ കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: