തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വില്ലേജ് ഓഫീസര്‍മാരുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും സമഗ്രമായി പഠിച്ചതിനുശേഷം 2014ല്‍ പത്താം ശമ്പള കമ്മീഷന് നിര്‍ണയിച്ച ശമ്പളമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറക്കുന്നത്. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രം പ്രത്യേക ശമ്പള സ്കെയില്‍ അനുവദിക്കുന്നത് ഭരണപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടികാട്ടുന്നത്. ശമ്പള സ്കെയില്‍ പുനര്‍ നിശ്ചയിച്ചുകൊണ്ട് ധന വകുപ്പാണ് ഉത്തരവിറക്കിയത്. ജൂലൈ ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.
പത്താം ശമ്പളക്കമ്മീഷന് തീരുമാനപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയ സ്കെയില്‍ നിലവില്‍ വന്നത്. 29200-62400 എന്നതായിരുന്നു ശമ്പള സ്കെയില്‍. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാര്‍ക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസര്‍മാര്‍ ആയി നിയമിതരാവാറുള്ളത്. ഇവര്‍ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്.
ഹെഡ് ക്ലാര്‍ക്ക് തസ്തികയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നത്. അതിനാല്‍ ഇനിമുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രം പ്രത്യേക ശമ്പളസ്കെയില്‍ അനുവദിക്കേണ്ടന്നാണ് തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം പുനര്‍ നിശ്ചയിച്ചുകൊണ്ട് ധന വകുപ്പ് ഉത്തരവിറക്കി. 27800-59400 എന്നതായിരിക്കും പുതിയ സ്കെയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: