പത്തനംതിട്ട: സംസ്ഥാനത്ത് മനുഷ്യത്വം മരവിച്ച സർക്കാരാണ് ഭരിക്കുന്നതെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന പകൽ കൊള്ളക്കും,കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കുമെതിരെ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നടന്ന ധർണ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്പ്രതിരോധപ്രവർത്തനങ്ങളോട് സംസ്ഥാനസർക്കാർ ആത്മാർത്ഥതകാണിക്കണം.പാർട്ടി വളർത്താനും,സ്വന്തം കീശവീർപ്പിക്കാനുമുള്ള അവസരമായി കോവിഡ്പ്രതിരോധ പ്രവർത്തനം മാറരുത്. രോഗപ്രതിരോധപ്രവർത്തനം സേവനമാണ്,ജനക്ഷേമപ്രവർത്തനമാണ്. രോഗംകൊണ്ട് വലയുന്ന രോഗികളുടെ കണ്ണീരുംവേദനയും മനസിലാക്കാനുള്ള മനുഷ്യത്വം സർക്കാരിന് വേണം. കേരളത്തിൽ ഇപ്പോൾ ഉള്ളത് മനുഷ്യത്വംമരവിച്ച സർക്കാരാണ്. കോടികൾ മുടക്കി പിആർ വർക്കിലൂടെ സർക്കാരിന്റെ പ്രതിച്ഛായവർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി മുടക്കുന്ന കോടികൾ സാധാരണക്കാരന്റെ കീശയിൽ നിന്ന് എടുക്കുന്ന പണമാണ് എന്ന് ഓർക്കണം. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസും അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടിയായ വൈദ്യുത ചാർജ്ജിനെപ്പറ്റി സർക്കാരിന് മിണ്ടാട്ടമില്ല.പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കുന്ന സംസ്ഥാനസർക്കാർ വിലവർദ്ധനവിലൂടെ അധികമായി ലഭിക്കുന്ന കോടികളുടെ നികുതിവരുമാനം ഉപേക്ഷിക്കാൻ തയ്യാറാകണം. പെട്രോൾ ഡീസൽ വിലയുടെ സിംഹഭാഗവും നികുതിയായി സംസ്ഥാനസർക്കാരിനും ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് ഇന്ധനനികുതിയിനത്തിൽ ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കുമാത്രമാണ് ചിലവഴിക്കുന്നത്. സംസ്ഥാനമാകട്ടെ അവർക്ക് ഇഷ്ടമുള്ളതിനൊക്കെ ഈപണം വിനിയോഗിക്കുന്നു.പ്രക്ഷോഭം ആത്മാർത്ഥത ഉള്ളതാണെങ്കിൽഈഅധികവരുമാനം വേണ്ടെന്ന് വയ്‌ക്കുകയാണ് ചെയ്യേണ്ടത്.
കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റി കേരളത്തിന്റെ പദ്ധതികളാക്കി ഇവിടെ അവതരിപ്പിക്കുകയാണ്. കേന്ദ്രം വിവിധപദ്ധതികൾക്ക് അനുവദിക്കുന്ന പണം നേരാംവണ്ണം ചിലവഴിക്കുന്നുപോലുമില്ല.തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ച പണത്തിന്റെ 25ശതമാനംപോലും ചിലവഴിച്ചിട്ടില്ല. റോഡുവികസനത്തിന്റെ കാര്യവും ഇതുപോലെതന്നെ.കേന്ദത്തിൽനിന്ന് ഒന്നുംലഭിക്കുന്നില്ലെന്ന് സ്ഥിരമായി പരാതി പറഞ്ഞ് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് കേരളസർക്കാർ.കോവിഡ്പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് ചിലവഴിച്ചുകൊണ്ടിരിക്കുന്ന ഓരോരൂപയും കേന്ദ്രസർക്കാരിന്റേതാണ്.
ചികിത്സാസന്നാഹങ്ങൾ ഒരുക്കാൻ ആവശ്യമായിട്ടുള്ള എല്ലാ ഉപകരണങ്ങളും കേന്ദ്രസർക്കാർ നൽകി. എന്നാൽ കേരള സർക്കാർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഒരു രാഷ്‌ട്രീയ വിഷയമായാണ് കാണുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ വേണ്ട ആളുകളെ തിരെഞ്ഞെടുക്കുന്നതുപോലും രാഷ്‌ട്രീയമായി. പഞ്ചായത്തുകളിലെ സന്നദ്ധസേനയിൽ സിപിഎമ്മുകാർമാത്രം. സിപിഐഅടക്കമുള്ള ഘടകകക്ഷികളെപ്പോലും തഴഞ്ഞു.സാമൂഹികഅടുക്കളയിലും സാധനസാമഗ്രികൾ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം പാർട്ടിപ്രവർത്തകർ മാത്രം. എല്ലാം ഒരുപാർട്ടി മേളയാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചത്.
ഒരുമാഹാമാരിയെ നേരിടുന്നു എന്ന ഗൗരവം കേരളസർക്കാരിന് ഇല്ല.പ്രവാസികൾക്ക് കേരളത്തിൽ എല്ലാസൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞ കേരളസർക്കാർ അവർ എത്തിതുടങ്ങിയപ്പോൾ സ്റ്റോപ് മെമ്മോ കൊടുക്കുകയാണ്.കേരളത്തിലേക്ക് പ്രവാസികൾ വരേണ്ട,മതിമതിഎന്നാണ് പറയുന്നത്.
കോവിഡിന്റെ മറവിൽ പകൽകൊള്ളയാണ് സർക്കാർ നടത്തുന്നത്.കരിമണൽ ഖനനം, നദികളെല്ലാം തുരന്ന് എടുക്കുന്നു.എല്ലാം കോവിഡിന്റെ മറവിലാണ്.എല്ലാകോവിഡ് പ്രതിരോധ പ്രോട്ടോകോൾ പാലിച്ചും ഒരുപ്രതിഷേധം പോലും നടത്താനാവുന്നില്ല, സമരഭൂമിയിലെത്തുന്ന രാഷ്‌ട്രീയനേതാക്കൾക്കെതിരെ കേസ്എടുക്കുന്നു.എല്ലാകോവിഡ് പ്രതിരോധ പ്രോട്ടോകോൾ പാലിച്ചും സമരഭൂമിയിലേക്ക് പോകാൻ നിവൃത്തിയില്ലാത്തസ്ഥിതിയാണ് കേരളത്തിൽ എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജില്ലാപ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷനായി.ജില്ലാ ജനറൽസെക്രട്ടറി മാരായ വി.എ.സൂരജ്, വിജയകുമാർ മണിപ്പുഴ,സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പക്കാട്ട്,ജില്ലാ വൈസ് പ്രസിഡൻറ്മാരായ പി.ആർ.ഷാജി,എം.എസ്.അനിൽ,ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ മണ്ഡലം നേതാക്കളായ എം.അയ്യപ്പൻകുട്ടി,ജയാ ശ്രീകുമാർ,വിനോദ് തിരുമൂലപുരം,കെ.ഹരീഷ് കൃഷ്ണ, സുരേഷ് കേശവപുരം,അഭിലാഷ് ഓമല്ലൂർ,കെ.ആർ.ശ്രീകുമാർ,സൂരജ് ഇലന്തൂർ,പ്രകാശ്,വിപിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: