അയല്പക്ക രാജ്യങ്ങളുമായി തികഞ്ഞ സൗഹൃദം നിലനിര്‍ത്താനാണ് ഇന്ത്യ എക്കാലവും ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ചകളോടെ ചര്‍ച്ചകളും ആശയവിനിമയങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനെയെല്ലാം അട്ടിമറിക്കും വിധം പലപ്പോഴും പെരുമാറിപ്പോന്നത് പാക്കിസ്ഥാനുംചൈനയും. അവരുടെ പെരുമാറ്റദൂഷ്യം മൂലം വലിയ യുദ്ധങ്ങളിലേക്ക് വരെ നീങ്ങേണ്ടി വന്നു. എന്നിട്ടും മറക്കാനും പൊറുക്കാനും തയ്യാറാകുന്ന പാരമ്പര്യമാണ് നമ്മുടേത്. പലപ്പോഴും ഓര്‍ക്കാപ്പുറത്താണ് ഇരു രാജ്യങ്ങളും നമ്മുടെ അതിര്‍ത്തി മറികടക്കാനും നിയന്ത്രണരേഖയിലും അത് കടന്നും വെടിയുതിര്‍ക്കാനും തയ്യാറായത്. ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും ഈ സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ആറു പതിറ്റാണ്ടായി ചൈന പലപ്പോഴും നമ്മെ ചൊറിഞ്ഞുകൊണ്ടേയിരുന്നു. അത് പാരമ്യത്തിലെത്തിയപ്പോഴാണ് 1962ല്‍ പ്രധാനമന്ത്രി നെഹ്റുവും ചൈനീസ് ഭരണാധികാരി ചൗ എന്‍ലായിയും ദീര്‍ഘമായി ചര്‍ച്ച നടത്തി നമ്മള് സഹോദരങ്ങളെന്ന മുദ്രാവാക്യം ലോകത്തിന് നല്‍കിയത്. അതിന്റെ മാറ്റൊലി അടങ്ങും മുമ്പ് ചൈന തെമ്മാടിത്തം കാട്ടി. കശ്മീര്‍ ഹിമാലയന്‍ അതിര്‍ത്തിയിലെ 36,000 ചതുരശ്ര കിലോമീറ്റര്‍ അക്സായി ചീന് അതിര്‍ത്തി മാന്തിയതിനാണ് ഈ യുദ്ധം തുടങ്ങിയത്.
കശ്മീരിന്റെ ഭാഗമായ ഈ പ്രദേശത്തിന് ചൈന അവകാശവാദമുന്നയിക്കുകയായിരുന്നു. 1962 ഒക്ടോബര്‍ 20ന് ഇതേത്തുടര്‍ന്ന് ഉദ്ഭവിച്ച യുദ്ധം ഒരു മാസം കഴിഞ്ഞ് ചൈന പിന്മാറിയപ്പോള് ഏറെ കഷ്ടനഷ്ടങ്ങള്‍ ഇന്ത്യക്കുണ്ടായി. ചൈനയില്‍ പ്രശ്നങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കി ശ്രദ്ധ തിരിക്കുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴായി അതിര്‍ത്തി മര്യാദകള്‍ ലംഘിക്കുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകാതിരിന്നിട്ടുണ്ട്. അത് ഒരു സൗകര്യമായെടുക്കുന്നതാണ് കയ്യേറ്റങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. അതിനൊരു ഭംഗം വന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ്. ഡോക്ലാമിലെ അനുഭവം മുന്നിലുണ്ട്. എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി റോഡ് നിര്‍മ്മാണം നടത്തിയ ചൈനയ്ക്ക് പിന്മാറേണ്ടി വന്നത് ഈ ഘട്ടത്തിലാണല്ലോ. അതോടെ പിന്നോട്ട് നീങ്ങിയ ചൈന ഈ ലോക്ഡൗണ്‍ കാലത്താണ് വീണ്ടും മുഷ്ക് കാട്ടാന്‍ തുനിഞ്ഞിറങ്ങിയത്. ചതിയിലൂടെ ഇന്ത്യയെ കീഴ്പ്പെടുത്താനും സൈനികരെ അപായപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം. ധീരരായ ഇരുപതിലധികം സൈനികര്‍ക്ക് വീരമൃത്യു നല്കിയ ചൈനയ്ക്കെതിരെ വരമ്പത്ത് കൂലി നല്‍കിക്കഴിഞ്ഞു. പക്ഷേ അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതാന്‍ വയ്യ. ഏതായാലും വാചകമടിയല്ല പ്രവര്‍ത്തിയാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യംആരുടെയും തിട്ടൂരത്തിന് കാത്തിരിക്കേണ്ടതില്ലെന്ന സന്ദേശം നല്‍കിക്കഴിഞ്ഞു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച രാത്രി മന്ത്രിമാരടങ്ങിയ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയിലേക്ക് ആയുധനീക്കത്തിന് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതോടൊപ്പം നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടുന്നുമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രീയ നേതൃത്വത്തെ പ്രധാനമന്ത്രി ധരിപ്പിക്കും. അതിനപ്പുറം ചില നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജല്പ്പനങ്ങള് സൈന്യത്തിന് ആത്മധൈര്യം നല്‍കാനോ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനോ ഒരു തരത്തിലും ഉതകുന്നതേയല്ല. കേന്ദ്രസര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ ദുര്ബ്ബലപ്പെടുത്താനാവുമോ എന്ന് നോക്കുന്ന അത്തരക്കാര്‍ക്ക് രാജ്യം ഒന്നടങ്കം ചുട്ട മറുപടി തന്നെ നല്‍കും. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ബ്രിഗേഡ് തലത്തില്‍ ഇരു സേനകളും ബുധനാഴ്ച ചര്‍ച്ച നടത്തുകയുണ്ടായി. കാര്യമായ പുരോഗതിയില്ലെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. പിന്മാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോള്‍ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവര്‍ വാദിക്കുന്നത്. ഇരു സേനകളും അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗല്‍വാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോള്‍ പോയിന്റുകളായ 15, 17, പാം
ഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ എന്നിവിടങ്ങളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കു സേനാനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു യുദ്ധവും രാജ്യത്തിന്റെ പുരോഗതിക്ക് ആശ്വാസം പകരുന്നില്ല. കൊറോണാനന്തരം ഇന്ത്യയിലേക്കെത്തുന്ന നിക്ഷേപം തടയലാണ് ചൈനയുടെ മുഖ്യലക്ഷ്യം. അതറിഞ്ഞ് പെരുമാറാന്‍ ഇന്ത്യക്ക് ഇന്ന് കഴിയും. തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാന്‍പോലും ചൈന ഇതുവരെ തയാറായിട്ടില്ല. കണ്ടതൊന്നും ബോധ്യമാകാതെയാണ് ചൈന പെരുമാറുന്നതെങ്കിലും അവര്‍ കൊണ്ടുതന്നെ പഠിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: