ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരവും മലയാളികളുടെ പ്രിയങ്കരനുമായ ഐ.എം. വിജയനെ പദ്മശ്രീ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ആള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് പദ്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്. 1992, 1997, 2000 വര്‍ഷങ്ങളില്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിട്ടുള്ള താരമാണ് ഐ.എം. വിജയന്.
17-ാം വയസില്‍ കേരള പോലീസിലൂടെയാണ് വിജയന് ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് കഠിനാദ്ധ്വാനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി ഈ കറുത്ത മുത്ത് മാറി.
മോഹന്‍ ബഗാന്, എഫ്സി കൊച്ചിന്, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചു. 66 മത്സരങ്ങള്‍ കളിച്ചു. 40 ഗോളും നേടി.
ഫുട്ബോള്‍ ചരിത്രത്തിലെ വേഗമേറിയ ഒരു ഗോളിനും വിജയന് അവകാശിയാണ്. 1999-ല്‍ നേപ്പാളില്‍ അരങ്ങേറിയ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന് വലകുലുക്കിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഹാട്രിക്കുകളാണ് ഐ.എം. വിജയന്റെ ബൂട്ടില്‍ നിന്ന് പിറന്നത്.
സെപ്തംബര്‍ 26ന് പാക്കിസ്ഥാനെതിരെയും 28ന് ഭൂട്ടാനെതിരെയും. ഈ ഹാട്രിക്കുകള്‍ ഉള്‍പ്പെടെ ഏഴ് ഗോളുകള്‍ നേടിയ വിജയന് ടോപ് സ്കോററുമായി.
2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി. ഇൗ ടൂര്‍ണമെന്റിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഇതേ വര്‍ഷം അര്‍ജുന അവാര്‍ഡും വിജയനെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: