Categories: Samskriti

ദിക്കുകളും ദേവതാ സങ്കല്‍പ്പങ്ങളും

ഭൂമിയുടെ പ്രധാനഊര്‍ജസ്രോതസ്സ് ആയ സൂര്യഭഗവാന്റ അനുകൂലസ്വാധീനം ഏറ്റവും കൂടുതലുള്ള ഈ ഭാഗം വാസ്തുമണ്ഡല സങ്കല്‍പ്പപ്രകാരം വാസ്തുപുരുഷന്റെ ശിരസ്സാണ്. അത് ഈ ദിക്കിന്റെ പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്നതാണ്.

Published by

വാസ്തുവിദ്യയില്‍ നിര്‍മാണ അഭിവിന്യാസത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്ന ഘടകം ദിക്കുകളാണ്. അതുകൊണ്ടുതന്നെ ശങ്കു സ്ഥാപനം (കുറ്റിയടി) പ്രാധാന്യമര്‍ഹിക്കുന്നു. തദനന്തരം ഓരോ ദിശകള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി  നിര്‍മ്മാണ പ്രക്രിയകള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഓരോ ദിക്കിനും അനുസൃതമായ ദേവതാസങ്കല്പ്പങ്ങളുമുണ്ട്. ദിക് സങ്കല്‍പവും, ദേവതകളും അവകളുടെ പ്രധാന്യവും പരിശോധിക്കാം.  

വടക്കു-കിഴക്ക്

അഷ്ട ദിക്കുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഗുണകരവുമായ ദിക്ക് വടക്കു കിഴക്കാണ്. ഈശാനദേവന്‍ അധിപനായ ഈശാനകോണ്‍ ജ്യോതിശാസ്ത്ര രാശിചക്ര ക്രമത്തില്‍ മീനം രാശിയായി സങ്കല്പിച്ചിരിക്കുന്നു. ഈ ദിക്കിനെ ഈശ്വരന്റെ സ്ഥാനം ആയി കണക്കാക്കുന്നതു കൊണ്ടു തന്നെ പൂജാമുറിക്ക് ഏറ്റവും യോജിച്ച ഇടമാണിത്. സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലാ ആനന്ദാനുഗ്രഹങ്ങളും ഈ ദിക്കില്‍ നിന്നു പ്രദാനം ചെയ്യുന്നു എന്നാണ് സങ്കല്പം.  

ഭൂമിയുടെ പ്രധാനഊര്‍ജസ്രോതസ്സ് ആയ സൂര്യഭഗവാന്റ അനുകൂലസ്വാധീനം ഏറ്റവും കൂടുതലുള്ള ഈ ഭാഗം വാസ്തുമണ്ഡല സങ്കല്‍പ്പപ്രകാരം വാസ്തുപുരുഷന്റെ ശിരസ്സാണ്. അത് ഈ ദിക്കിന്റെ പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്നതാണ്. ‘ശിരസി ഗുണൈര്‍ഹ്രീയതെ സര്‍വൈഃ’ എന്ന പ്രമാണത്താല്‍ വീടിനോ പുരയിടത്തിനോ ഉള്ള ഈ ഭാഗത്തിന്റെ അഭാവം ശിരോഹീന നിര്‍മിതിയായും അശുഭകരമായും കണക്കാക്കുന്നു. അന്തരീക്ഷത്തില്‍ നിന്ന് പ്രാപഞ്ചികോര്‍ജത്തെ സ്വീകരിക്കാനുതകുന്ന ഒരു വ്യോമ തന്തുവായി സ്വീകരിക്കപ്പെടുന്ന ഈ ഭാഗം പുരയിടത്തില്‍ വൃത്തിയായും തുറസ്സായും ചെരിവോടു കൂടിയും വരുന്നതാണ് നല്ലത്. ഗൃഹങ്ങളില്‍ പൂജാമുറി കൂടാതെ കിടപ്പുമുറിക്കും കേരളീയ രീതിയില്‍ അടുക്കളയ്‌ക്കും യോജിച്ച ഇടമാണിത്. ആയുര്‍വേദ നിര്‍ദ്ദേശപ്രകാരം രോഗികള്‍ക്കും പ്രായമായവര്‍ക്കും ഏറ്റവും യോജിച്ച കിടപ്പുമുറിയും വടക്കുകിഴക്കു ഭാഗത്താണ്. പുരയിടങ്ങളില്‍ കിണര്‍, കുളം എന്നിവയ്‌ക്കും യോജിച്ച ഇടവും ഇതു തന്നെ. എന്നാല്‍ മലിനജലം, മാലിന്യ കുഴികള്‍ എന്നിവക്ക് വര്‍ജ്യവുമാണ്. വിദിക്ക് ആയതിനാല്‍ ഗൃഹദര്‍ശനങ്ങള്‍ക്ക് ഉചിതമല്ല.

കിഴക്ക്  

ഇന്ദ്രന്‍ അധിപനായിട്ടുള്ള കിഴക്ക് ദിക്ക് ഭൂമിയില്‍ അല്പം ചെരിഞ്ഞു വരുന്നതാണ് ഉചിതം. എല്ലാ ജീവന്റെയും ഊര്‍ജദാതാവായ സൂര്യന്റെ ഉദയവും ഏറ്റവും ഉചിതമായ രശ്മി സംവേദനവും നടക്കുന്നതിനാല്‍ ഈ ദിക്കിലേക്ക് ദര്‍ശനമായുള്ള നിര്‍മ്മിതികളും കര്‍മ്മങ്ങളും വാസ്തുപ്രകാരം ഉത്തമമായി കണക്കാക്കുന്നു. ഗൃഹനിര്‍മാണത്തിന് ഏറ്റവും ശ്രേഷ്ഠമായ ദിക്കായി കിഴക്കിനെ കണക്കാക്കുന്നതും ഈ അടിസ്ഥാനത്തിലാണ്. വാസ്തു ഗണിത സിദ്ധാന്ത പ്രകാരമുള്ള എല്ലാ ശുഭയോനി അളവുകളും ഈ ദിക്കിലേക്കുള്ള നിര്‍മാണത്തിന് സ്വീകരിക്കാവുന്നതാണ്. കഠിന ജോലികള്‍, പഠനം, ഉറക്കം എന്നിവയ്‌ക്കെല്ലാം കിഴക്കേ ദിക്കിനെ ആശ്രയിക്കുന്നത് പ്രയത്‌നലഘൂകരണം സാധ്യമാക്കുന്നു.  

ഈശാനന്‍, പര്‍ജന്യന്‍, ജയന്തന്‍, ഇന്ദ്രന്‍, ആദിത്യന്‍, സത്യകന്‍, ഭൃശന്‍, അന്തരീക്ഷന്‍ എന്നീ ദേവന്മാരുള്‍കൊള്ളുള്ള ഈ ദിക്കില്‍ പര്‍ജന്യന്‍ , അന്തരീക്ഷന്‍ എന്നീ ദേവന്മാരുടെ പദത്തില്‍ അടുക്കളയും ജയന്തന്‍, ഇന്ദ്രന്‍ എന്നിവരുടെ പദങ്ങളില്‍ മുഖ്യ ദ്വാരം, പടിപ്പുര എന്നിവ വരുന്നതും ഉത്തമ ലക്ഷണമായി പരിഗണിക്കുന്നു. സുഖവാസ പ്രദായകമായ ഈ ദിക്കിന്റെ അലോസരം ബന്ധുമിത്രാദികള്‍ ആയുള്ള അടുപ്പത്തെയും മാനസികസന്തോഷത്തെയും ബാധിക്കുമെന്ന് വരാഹമിഹിരവചനമുണ്ട്.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by