തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി അജ്ഞാത കത്ത് അയച്ചത് പാര്ട്ടിക്കാര് തന്നെയെന്ന് സൂചന. തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ജയരാജന്റെ അറിവോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്നും സൂചന പുറത്തുവന്നിട്ടുണ്ട്. ജയരാജനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി നാലു മാസം മുന്‍പാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് അദേഹം പോലീസില്‍ പരാതിപ്പെടുകയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസത്തിലാണ് കത്തിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കത്ത് അയച്ചവരെ അന്വേഷണസംഘം തന്നെ കണ്ടെത്തിയിരുന്നുവെന്ന് പോലീസിലുള്ളവര്‍ ജന്മഭൂമിയോട് വെളിപ്പെടുത്തി.
എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് വിലാസം ദുരുപയോഗം ചെയ്താണു കത്ത് അയച്ചതെന്നു പറഞ്ഞ് കേസ് അന്വേഷണം നിര്‍ത്തുകയായിരുന്നു. കത്ത് അയച്ചത് പാര്ട്ടിബന്ധമുള്ളവരാണെന്ന് കണ്ടത്തിയതോടെയാണ് അന്വേഷണം നിലച്ചത്. ‘കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന് നിയമ നടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നും ആയിരുന്നു കത്തിലെ ഉള്ളടക്കം’.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പി.ജയരാജനു മൂന്നു ഗണ്മെന്റെ അധിക സുരക്ഷ സര്‍ക്കാര്‍ അനുവദിച്ചത്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിലാണു സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. ഇനി ജയരാജന്റെ യാത്രകളില്‍ അകമ്പടി വാഹനവും, വാഹനത്തില്‍ രണ്ടു ഗണ്മെനും അധികമായുണ്ടാകും. ഒരു ഗണ്മാന് അദ്ദേഹത്തിന്റെ കാറില്‍ എപ്പോഴുമുണ്ട്. ഇതിനു പുറമേയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: