ഗുരുവായൂര്‍: ക്ഷേത്രനടയില്‍ നിന്ന് ഭഗവാനെ വണങ്ങുന്നതിനും ഗുരുവായൂര്‍ ദേവസ്വം ഭാഗികമായി വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിനോടു ചേര്‍ന്ന് 260-ഓളം കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും അഞ്ചുപേരെ മാത്രം നിജപ്പെടുത്തി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനരികിലേക്ക് ഭക്തരെ കടത്തിവിടുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
തൃപ്രയാര്‍, ചോറ്റാനിക്കര, തൃപ്പൂണിത്തുറ തുടങ്ങിയ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ക്ഷേത്രനടയില്‍ നിന്ന് തൊഴാനുള്ള സൗകര്യം നല്‍കുന്നുണ്ട്. നിയന്ത്രണങ്ങളോടെ ബസുകള്‍ നിരത്തിലിറങ്ങുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ച് ജനങ്ങള്‍ പുറത്ത് വ്യാപകമായി സഞ്ചരിക്കുന്നു. വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നു. എന്നിട്ടും ക്ഷേത്രനടയില്‍ നിന്ന് ഭഗവാനെ കാണാന്‍ കര്‍ശന നിയന്ത്രണമേര്പ്പെടുത്തിയതിലാണ് ഭക്തര്‍ക്ക് നീരസം. നടയ്ക്കല്‍ നിന്ന് തൊഴാന്‍ പുറമെ നിന്ന് ആരുമില്ലാത്ത സാഹചര്യത്തിലും ദേവസ്വത്തിന്റെ കടുത്ത നിലപാടില്‍ ഭക്തര്‍ നീരസത്തിലാണ്.
ക്ഷേത്രപരിസരത്ത് സുരക്ഷാ ചുമതലയുള്ള വിരമിച്ച ചില സൈനികരുടെ ഭക്തരോടുള്ള പെരുമാറ്റവും ക്ഷേത്രസംസ്കാരത്തോട് യോജിച്ചതല്ലെന്നും ഭക്തര്‍ക്ക് അഭിപ്രായമുണ്ട്. വളരെ കുറച്ചു സമയം മാത്രമാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. ആ സമയത്ത്, പുറത്ത് നിന്ന് ദര്‍ശനം നടത്താനും, കാണിക്കയര്‍പ്പിക്കാനും ഭക്തര്‍ക്ക് വേണ്ടത്ര സമയം ഈ സൈനികര്‍ അനുവദിക്കുന്നില്ല. ക്ഷേത്രനടയിലെത്തി ഭഗവാനെ വണങ്ങി സൈ്വര്യമായി കാണിക്കയര്‍പ്പിക്കാന്‍ പോലും ഭക്തന് അവകാശമില്ലാത്ത അവസ്ഥയാണിപ്പോള്‍.
പടിഞ്ഞാറേ നടയില്‍ നിന്ന് തീര്‍ത്ഥക്കുളം വലംവെച്ച് കിഴക്കേനടയിലെത്തി ഭഗവാനെ വണങ്ങാന്‍ അവസരമൊരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം. കഴിഞ്ഞ മൂന്നുമാസത്തോളമായി ഭണ്ഡാരവരവ് തികച്ചും ശൂന്യമായിട്ടും, ഭക്തന്റെ കാണിക്ക പണം വേണ്ടെന്ന നിലപാടിലാണ് ഗുരുവായൂര്‍ ദേവസ്വം. എന്നാല്‍ ദേവസ്വത്തിന്റെ ധൂര്‍ത്തിന് ഇപ്പോഴും കുറവൊന്നുമില്ല. അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതിനു തൊട്ടുപുറകെ, ദേവസ്വം ഓഫീസ് നവീകരിക്കാന്‍ മൂന്നുകോടി ചിലവഴിക്കാനും ഭരണാധികാരികള്‍ക്ക് വൈമനസ്യമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: