നെല്ലൂര്‍: മണല്‍ ഖനനത്തിനിടെ നദീ തീരത്ത് നിന്ന് കണ്ടെത്തിയത് ക്ഷേത്ര സമാനമായ നിര്‍മ്മിതി. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ പെന്ന നദിക്കരയില്‍ പെരുമല്ലാപാട് ഗ്രാമത്തിന് സമീപം ഇന്നലെയാണ് സംഭവം. മണല്‍ ഖനനം നടത്തിക്കൊണ്ടിരുന്നവരാണ് മണലില്‍ പുതഞ്ഞ നിലയില്‍ നിര്‍മ്മിതി കണ്ടെത്തിയത്.
200 വര്‍ഷം പഴക്കമുള്ള ശിവ ക്ഷേത്രമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്ഷേത്രസമാനമായ നിര്‍മ്മിതിയുടെ മകുട ഭാഗമാണ് ഖനന സമയത്ത് ദൃശ്യമായത്. വളരെക്കാലം മുന്‍പ് നദി ദിശ മാറിയൊഴുകിയപ്പോള്‍ മുങ്ങിപ്പോയതാകാം ഈ ക്ഷേത്രമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഇഷ്ടികകൊണ്ടാണ് ഇതിന്റെ നിര്‍മ്മിതി. പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് വിശദമാക്കി.
നിലവില്‍ ദൃശ്യമായ നിര്‍മ്മിതി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുരാവസ്തു വകുപ്പ് വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: