പോത്തന്‍കോട്: കോലിയക്കോട് കാഞ്ഞാംപാറ കോളനിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങള്‍. വെള്ളംകുടി മുട്ടിയതോടെ കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. പ്രദേശവാസികള്‍ തലമുറകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണര്‍ സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതാണ് കുടിവെള്ളം നിലച്ചത്. നിരവധി വര്‍ഷം പഴക്കമുള്ള കിണറാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥിതിചെയ്യുന്നു എന്ന കാരണത്താല്‍ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് നികത്തിയത്. വസ്തുക്കളുടെ കൈമാറ്റം നടന്നെങ്കിലും കുടിവെള്ളം എടുക്കുന്നതിന് പ്രത്യേകം വ്യവസ്ഥകള്‍ വച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
വസ്തു പുതിയതായി ഏറ്റെടുത്തവര്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന അന്‍പതില്‍ കൂടുതല്‍ ആളുകളുടെ കുടിവെള്ളം മുട്ടിച്ചു നികത്തുകയാണ് ചെയ്തത്. ഒരിക്കല്‍ മാലിന്യം ഇട്ട് നികത്തിയ കിണര്‍ കുടിവെള്ളം മുട്ടിയ ഗതികേടില്‍ എത്തിയപ്പോള്‍ ഇവര്‍ തന്നെ വൃത്തിയാക്കി. ലോക്ഡൗണ്‍ സമയം ആയതിനാല്‍ ഏറെ ദുരിതത്തിലായ കോളനിവാസികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വസ്തു ഉടമ കോളനിക്കാര്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും കോടതിവിധി ഉണ്ടാകുംവരെ കിണര്‍ ഇനി മൂടരുതെന്ന പോലീസിന്റെ നിര്‍ദേശം അവഗണിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: