കോഴിക്കോട്: അതീവ നാടകീയമായി മോക്ഡ്രില്‍. വേങ്ങേരി കണ്ണാടിക്കല്‍ വടക്കേ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇന്നലെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
തടമ്പാട്ടുതാഴം ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രദേശത്തെ ആറു നില കെട്ടിടത്തിന്റെ രണ്ടു നിലകളില്‍ വെള്ളം കയറുകയും തൊട്ടടുത്ത കെട്ടിടം തകരുകയും ചെയ്ത സാഹചര്യമാണ് ആവിഷ്കരിച്ചത്. സംഭവ സ്ഥലത്തുനിന്നും കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിലേക്ക് ഫോണ്‍ സന്ദശമെത്തി ആറാം മിനിറ്റില്‍ ഫയര്‍ ഫോഴ്സിന്റെ ജീപ്പ് സ്ഥലത്തെത്തി. 10 മിനിറ്റ് ആയപ്പോഴേക്കും റബ്ബര്‍ ഡിങ്കിയോടുകൂടിയ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം തകര്‍ന്നിരുന്നതിനാല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വാഹനവും ഉടനടി സ്ഥലത്തെത്തി.
കോവിഡ് 19 മാനദണ്ഡപ്രകാരം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളെയും 60 വയസ്സിനു മുകളില്‍ പ്രായമുള്ളതും ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടതുമായ ആളെയുമാണ് വെള്ളം കയറിയ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തടമ്പാട്ടുതാഴം ടൗണില്‍ അല്പ സമയത്ത് ഗതാഗത തടസ്സമുണ്ടായെങ്കിലും ഉടനെ പുനരാരംഭിച്ചു. അഗ്നി ശമന രക്ഷാസേനയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പോലീസ്, ഫയര്‍ഫോഴ്സ് അടക്കമുള്ള സേനകളടക്കം വടക്കേ വയലില്‍ തയ്യാറായിരുന്നു. വെള്ളത്തില്‍ മുങ്ങിയ മൂന്നു വീടുകളിലുള്ളവരെ ബോട്ടുകളിലും ഒരു ഫ്ളാറ്റിനു മുകളില്‍ കുടുങ്ങിയവരെ കയറുപയോഗിച്ചും രക്ഷപെടുത്താനായിരുന്നു പദ്ധതി. ഫയര്‍ ഫോഴ്സ് എല്ലാ മുന്നൊരുക്കങ്ങളും മണിക്കൂറുകള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് സുഗമമായി വീക്ഷിക്കാവുന്ന തരത്തിലാണ് രംഗം സജ്ജീകരിച്ചത്. കൃത്യമായ ഗതാഗത നിയന്ത്രണം പോലീസും ഏറ്റെടുത്തു.
രക്ഷാവാഹനത്തില്‍ നിന്നും ഡിങ്കി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം കഠിനമാക്കിക്കൊണ്ട് കണ്ട്രോള് റൂമില്‍നിന്നും അപകട സ്ഥലം ഇതല്ലെന്ന അറിയിപ്പ് ഫയര്‍ ഓഫീസര്‍ക്ക് ലഭിച്ചത്. പറഞ്ഞ സ്ഥലവും അടയാളവും ലക്ഷ്യമാക്കി അപായ ശബ്ദവും മുഴക്കി യഥാര്‍ത്ഥ സ്ഥലത്തേക്ക്. തടമ്പാട്ടുതാഴം മെലോ അപ്പാര്‍ട്ടുമെന്റും തൊട്ടടുത്ത കെട്ടിടവുമായിരുന്നു മോക് ഡ്രില്ലിനായി ഒരുക്കിയത്. ഫയര്‍ ഫോഴ്സിന്റെ വിവിധതരം വാഹനങ്ങളും അപായ ശബ്ദവും ആംബുലന്‍സുകളും മറ്റ് സര്‍ക്കാര്‍ വാഹനങ്ങളുമെല്ലാം കണ്ട് തടമ്പാട്ടുതാഴം ടൗണിലുള്ളവര്‍ ആദ്യം പരിഭ്രമിച്ചു. ഇതിനിടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. എന്തിനാണ് ഇങ്ങനെയൊരു ട്വിസ്റ്റ് എന്നു ചോദിച്ചപ്പോള്‍ അപകടം ആകസ്മികമായി സംഭവിക്കുന്നതല്ലേ അപ്പോഴല്ലേ യഥാര്‍ത്ഥ കാര്യക്ഷമത മനസ്സിലാവൂ എന്നാണ് കളക്ടര്‍ സാംബശിവ റാവു പ്രതികരിച്ചത്.
അസി.കളക്ടര്‍ ശ്രീധന്യ സുരേഷ്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാബുരാജ്, ആര്‍ടിഒ പി.എം.ഷബീര്‍, കണ്ട്രോള് റൂം എസിപി എല്‍.സുരേന്ദ്രന്, ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സൂധീര്‍ കിഷന് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: