കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം. ആദ്യഘട്ടമായി സ്വന്തമായി സ്ഥലമില്ലെന്ന കാരണം പറഞ്ഞ് 25 വര്‍ഷത്തോളം പഴക്കമുള്ള തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാന്‍ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രത്തിലേക്ക് ഇത്തവണ കോഴ്‌സുകളൊന്നും അനുവദിച്ചിട്ടില്ല. മൂന്ന് അദ്ധ്യാപകരെ തൃശൂര്‍ കേന്ദ്രത്തില്‍ നിന്ന് സ്ഥലം മാറ്റി. അടുത്ത വര്‍ഷവും കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താതിരുന്നാല്‍ സ്വാഭാവികമായും കേന്ദ്രം പൂട്ടും. ഈ അടവുനയമാണ് സര്‍വകലാശാല അധികൃതര്‍ പയറ്റുന്നത്.
സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയെന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാണ്. കാലടി ഉള്‍പ്പെടെ ഒന്‍പത് പ്രദേശിക കേന്ദ്രങ്ങളാണ് ഇപ്പോള്‍ സര്‍വകലാശാലക്കുള്ളത്. കോഴ്‌സുകളും സെന്ററുകളും ഇല്ലാതാക്കി സര്‍വകലാശാലയെ കാലടിയില്‍ ഗവേഷണകേന്ദ്രം എന്ന നിലയില്‍ മാത്രമായി ചുരുക്കുകയെന്ന അജണ്ടയാണ് സിപിഎം ഭരണാധികാരികള്‍ക്കുള്ളത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയും ഡോ.ജെ. പ്രസാദ് വൈസ് ചാന്‍സലറുമായിരിക്കുമ്പോള്‍ നിയമിച്ച സുനില്‍ പി. ഇളയിടം അംഗമായിട്ടുള്ള ബാലമോഹന്‍ തമ്പി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വകലാശാല പരിഷ്‌ക്കരണ കമ്മീഷന്റെ പേരില്‍ സമര്‍പ്പിച്ച ഏക റിപ്പോര്‍ട്ടില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതും കോഴ്‌സുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിന്റെ ഉള്ളടക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമില്ലെന്ന പേരില്‍ പന്മന സെന്റര്‍ അടച്ചുപൂട്ടുകയും പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പുനഃസ്ഥാപിക്കുകയും സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തൃശൂര്‍, തുറവൂര്‍ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി സ്ഥലമില്ലാത്തത്. തൃശൂരിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞിരുന്നെങ്കിലും അത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയായിരുന്നു. സര്‍വകലാശാലയ്‌ക്കായി സ്ഥലം നല്‍കാന്‍ പലരും തയാറായെങ്കിലും അധികൃതര്‍ വലിയ താത്പര്യം കാണിച്ചില്ല. പടിഞ്ഞാറെകോട്ടയില്‍ കോര്‍പ്പറേഷന്റെ കെട്ടിടത്തിലാണ് തൃശൂര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം തൃശൂരും പിന്നീട് തുറവൂര്‍ കേന്ദ്രവും അടച്ചുപൂട്ടാനാണ് നീക്കം. തുറവൂര്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സിപിഎമ്മുകാരനും മന്ത്രി തോമസ് ഐസക്കിന്റെ അടുത്തയാളുമായതിനാലാണ് തുറവൂരിനെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ പ്രാദേശിക കേന്ദ്രങ്ങളും ഗവേഷണ സൗകര്യങ്ങളോടെ വളര്‍ത്തിക്കൊണ്ടുവരികയും സംസ്‌കൃതത്തെയും ഭാരതീയ സംസ്‌കാരത്തെയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് അട്ടിമറിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: