കണ്ണൂർ: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കടന്നപ്പള്ളി പാണപ്പുഴ- 10, കാങ്കോല്‍ ആലപ്പടമ്പ- 6, മട്ടന്നൂര്‍- 7 എന്നീ വാര്‍ഡുകളാണിവ. ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുക.
അതേസമയം, സമ്പര്‍ക്കം മൂലം കോവിഡ് ബാധയുണ്ടായ പടിയൂര്‍ കല്യാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മട്ടന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡും കൂടി പൂര്‍ണമായും അടിച്ചിടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഏഴു പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.
ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐഎക്‌സ് 1714 വിമാനത്തിലെത്തിയ മാത്തില്‍ സ്വദേശി 33കാരന്‍, ജൂണ്‍ ഏഴിന്
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയില്‍ നിന്നുള്ള ക്യുആര്‍ 7487 വിമാനത്തിലെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരന്‍, അതേ വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 25കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍.
ജൂണ്‍ 14ന് കണ്ണൂര്‍ വിമാനത്താവളം വഴി എഐ 0425 വിമാനത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. പടിയൂര്‍ സ്വദേശി 28കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരില്‍ 199 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ധര്‍മടം സ്വദേശി ഒന്‍പത് വയസ്സുകാരന്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്.
ജില്ലയില്‍ നിലവില്‍ 14015 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 82 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 13826 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 10899 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 10560 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9924 എണ്ണം നെഗറ്റീവാണ്. 339 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 337 എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: