ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശിവനെ ഉണര്ത്തിയെടുക്കുകയായിരുന്നു യോഗാത്മക കവികളുടെ ലക്ഷ്യം. ഭക്തി സാധനയിലൂടെയും സ്തുതിഗീതകങ്ങളിലൂടെയും ജനഹൃദയത്തില്‍ പരം പൊരുളിനെ പ്രത്യക്ഷമാക്കിയാണ് അവര്‍ കാവ്യമാര്‍ഗത്തില്‍ ചരിച്ചത്. നാട്ടുരാജാക്കന്മാരുടെ പ്രോത്സാഹനം ലഭിച്ചവരും അവരില്‍ ചിലരുടെ അപ്രിയത്തിന് പാത്രമായവരും കൂട്ടത്തിലുണ്ട്. എങ്കിലും സ്വപ്രതിഭയുടെ മൂര്ച്ചത്തെളിച്ചത്തില് മഹാകവികള്‍ വിളങ്ങി. ഭക്തിയുടെ സാന്ദ്രലയത്തില്‍ നിന്ന് മുക്തിയുടെ ഭാവപ്പൊരുളിലേക്ക് യോഗപ്രത്യയങ്ങളെ അക്ഷര നക്ഷത്രമാക്കുകയായിരുന്നു അവര്‍.
‘മൈഥിലി കവി കോകിലം’ എന്ന വിശേഷഷനാമത്തില് കാവ്യരംഗത്ത് വിസ്മയ വിഭൂതി പകര്‍ന്ന യോഗവിത്തായ കവിയാണ് വിദ്യാപതി. ഇന്ത്യയിലും നേപ്പാളിലെ ജനക്പൂരിലുമായി സ്ഥിതി ചെയ്യുന്ന മിഥിലയുടെ പ്രവിശ്യാഭാഗമായ മധുബനി ജില്ലയിലാണ് വിദ്യാപതിയുടെ ജനനം. ജന്മവര്ഷത്തെച്ചൊല്ലി അഭിപ്രായാന്തരങ്ങളുണ്ട്. 1332 ലാണെന്നും അതല്ല 1448 ലാണെന്നും വാദമുണ്ടെങ്കിലും 1350 ല്‍ ജനിച്ച് 1460 ല്‍ 90 ാം വയസ്സിലാണ് കവി അന്ത്യയാത്രയായതെന്ന ഗവേഷക പക്ഷവുമുണ്ട്. വിദ്യാപതിയുടെ ശിവസ്തുതികള്‍ ഇന്നും മിഥിലയുടെ ചുണ്ടില്‍ ആനന്ദശാന്തിയരുളുന്നു. ശിവഭക്തി വിഭൂതിയുടെ ആ രുദ്രാക്ഷ മന്ത്രണങ്ങള്‍ അന്ന് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ നവചൈതന്യമായി. ജയദേവരുടെ ‘ഗീതാഗോവിന്ദ’ത്തിന് സമാനമായി അവ പൂജാപുഷ്പങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. ഐതിഹ്യങ്ങളും പഴങ്കഥകളും സ്വപ്നപ്പഴമകളുമായി വിദ്യാപതിയുടെ ജീവിതത്തിന് ചുറ്റും മഹാപരിവേഷം അലങ്കാരമായുണ്ട്. ഇവയെല്ലാം ഉണര്‍ത്തുന്ന ഭാവസങ്കല്പം മഹാകവിയുടെ അനശ്വര പ്രതിഭയും വിശുദ്ധമായ മനോജീവനവുമാണ്.
പത്നി സുശീലയുമൊത്ത് ഗൃഹസ്ഥജീവിതം നയിച്ച വിദ്യാപതിയുടെ സ്തുതിഗീതമന്ദാരങ്ങളില് ആകൃഷ്ടനായി ശിവഭഗവാന് ബാലരൂപിയായി വന്ന് കവിയോടൊപ്പം കുറേക്കാലം കഴിഞ്ഞെന്നും ഒടുവില്‍ സ്വരൂപം വെളിപ്പെടുത്തി അനുഗ്രഹിച്ചെന്നുമാണ് ഐതിഹ്യം. ആ കാവ്യജീവിതം ശിവമയമായിരുന്നു എന്ന ഭാവസത്യം കുറിക്കുകയാണ് ഈ കഥാസാരം. മഹാദേവന്റെ ഈ വിസ്മയലീലകള്, പ്രകീര്‍ത്തിക്കുന്ന ‘നചാരി’കളും ‘മഹേശ്ബാണി’കളുമായി വിദ്യാപതിയുടെ യോഗാത്മക കവനങ്ങള്‍ പ്രസിദ്ധമായി. ഭക്തിരസഭാവത്തില് ജീവനമൂല്യങ്ങളുടെയും സത്യധര്മങ്ങളുടെയും സമൂഹപരിവര്ത്തന സാക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ ആ കാവ്യപ്രതിഭ എന്നും ഉണര്‍ന്നു നിന്നു. വൈഷ്ണവഭക്തിയുടെ ഊര്ജപ്രസരമുള്ക്കൊണ്ട് രാധാകൃഷ്ണ വിഷയം മുന്‍ നിര്‍ത്തി രചിച്ച ഗീതകങ്ങളും ആ കാവ്യവിദ്യാപതിയില് നിന്നും ഒഴുകിയെത്തി. ‘ഗോസ്വാമി മതം’, ‘സഹജമതം’ എന്നീ വൈഷ്ണവഭക്തിശാഖയില് സഹജമതത്തിലായിരുന്നു വിദ്യാപതിയുടെ അനുയാത്ര.
വിദ്യാപതി നാദാത്മകനില്‍ ലയിച്ച സ്ഥലം ‘ഉഗ്ണസ്ഥാന്’ എന്ന പേരില്‍ വിളികൊണ്ടു. അവിടെ ക്ഷേത്രം പണിത് ഗ്രാമവാസികള്‍ ലിംഗരൂപിയായ ശിവനെ പ്രതിഷ്ഠിച്ചത് പില്ക്കാലത്താണ്.
അവിടെയിന്നും വിദ്യാപതിയുടെ യോഗാത്മക ശിവസ്തുതികള്‍ സോപാനസംഗീതമായി ഉയരുന്നു. ‘മൈഥിലി കവി കോകിലം’ ഉഗ്ണസ്ഥാന് ക്ഷേത്രഗോപുരനടയിലെ അരയാല്‍ കൊമ്പിലിരുന്ന് എന്നും ശിവസ്തുതിയുടെ മംഗളം പാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: