ഓച്ചിറ: ആളും ആരവും ഇല്ലാതെ ഓച്ചിറപ്പടനിലത്ത് ആചാരങ്ങള്‍ മാത്രമായി ഓച്ചിറക്കളി. അമ്പലമില്ലാത്ത ആല്‍ത്തറയില്‍ അമരുന്ന പരബ്രഹ്മത്തിന്റെ മുന്നിലായിരുന്നു പതിവുപോലെ ചടങ്ങുകള്‍.ഭരണസമിതി അംഗങ്ങളും കളി ആശാന്മാരും കരനാഥന്മാരും ക്ഷേത്രത്തിലെ ഋഷഭ എഴുന്നള്ളത്തോടെ ക്ഷേത്രപ്രദക്ഷിണത്തോടെ ഭരണസമിതി ഓഫിസിനു മുന്നിലെത്തി രണ്ടായി പിരിഞ്ഞു.
കിഴക്കും പടിഞ്ഞാറും കരക്കാര് എട്ടുകണ്ടത്തിന് ഇരുവശത്തുമായി അണിനിരന്നു. ഈ സമയം കളിക്കണ്ടത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതോടെ പടത്തലവന്മാരും കരനാഥന്മാരും കളിക്കണ്ടത്തിന്റെ മധ്യഭാഗത്ത് എത്തി. ഋഷഭ എഴുന്നള്ളത്തിന്റെ സാന്നിധ്യത്തില്‍ ഇരുകരക്കാരും കരപറഞ്ഞ് ഹസ്തദാനം നടത്തി. കളിആശാന്മാര് കളിക്കണ്ടത്തില്‍ വാളും പരിചയുമായി യുദ്ധസ്മരണകള്‍ ഉണര്‍ത്തി അങ്കം വെട്ടി.
ഓച്ചിറ സിഐ ആര്.പ്രകാശിന്റെയും സാമൂഹികാരോഗ്യ കേന്ദ്രം മേധാവി ഡോ: സുനിലിന്റയും നേതൃത്വത്തില്‍ പടനിലത്ത് വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ: എ. ശ്രീധരന്‍പിള്ള, സെക്രട്ടറി കളരിക്കല്‍ ജയപ്രകാശ്, ട്രഷറര്‍ വിമല്‍ ഡാനി എന്നിവര്‍ നേതൃത്വം നല്കി. ഇന്നും കളി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: