പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ സജീവമായ ചര്‍ച്ച നടക്കുന്ന കാലഘട്ടമാണിത്. പ്രകൃതിയെ കീഴടക്കുക, ചൂഷണം ചെയ്യുക എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോവുന്ന വികസിത രാജ്യങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായി മാറിയിരിക്കുന്നു. സ്റ്റോക്ക് ഹോമില്‍ നടന്ന ആദ്യത്തെ പരിസ്ഥിതി സമ്മേളനം ഈ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘടിതരായ സമ്പന്ന രാജ്യങ്ങള്‍ക്കു മുന്നില്‍ അവികസിത രാജ്യങ്ങള്‍ക്കു നിസ്സഹായരായി നില്‍ക്കേണ്ടി വന്നു.
കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും വ്യാവസായിക സംസ്‌കാരത്തിലേക്കുള്ള ചുവടുമാറ്റം ലോകക്രമത്തെ മാറ്റിമറിച്ചു. നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട പ്രകൃതിവിഭവങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ കവര്‍ന്നെടുക്കുകയും അവശിഷ്ട മാലിന്യങ്ങള്‍ പുറംതള്ളുകയും ചെയ്തു. അത് പ്രകൃതിയിലേല്‍പ്പിച്ച പരുക്ക് വലുതായിരുന്നു. കൃഷിക്കായി കാടുകള്‍ വെട്ടിത്തെളിച്ചതും ഭൂഗര്‍ഭജലമൂറ്റിയതും അണകെട്ടി നദികളുടെ ഒഴുക്കു തടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന നദീതടങ്ങള്‍ ശവപ്പറമ്പുകളായി. ഉല്‍പ്പാദന വര്‍ധനവിനുവേണ്ടി കൃഷിയിടങ്ങളില്‍ തള്ളിയ രാസവളങ്ങളും കീടനാശിനിയും മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കി. അമ്മയുടെ മുലപ്പാലില്‍ വരെ വിഷം കലര്‍ത്തി.
ഇവിടെ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് മുഖ്യമായും സമ്പന്ന രാജ്യങ്ങളാണ്. ലോകജനസംഖ്യയുടെ 20% മാത്രം വരുന്ന ഇക്കൂട്ടര്‍ ലഭ്യമായ വിഭവങ്ങളുടെ 75% ഉപയോഗിച്ചു തീര്‍ക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ 40 ലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് നിയന്ത്രണം നഷ്ടപ്പെട്ട ഉപഭോഗ സംസ്‌കാരം അന്തരീക്ഷത്തിലേക്ക് വിസര്‍ജിച്ചത്. ഇതില്‍ 26% ആഗോള ജനസംഖ്യയുടെ 40 ശതമാനം വരുന്ന അമേരിക്കയുടെ മാത്രം സംഭാവനയാണ്. ആഗോളതാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നമുക്ക് അതിജീവിക്കാനാവുന്നില്ല. അപ്പോഴും ഈ നൂറ്റാണ്ടിലെ ആദ്യത്തെ പത്തുവര്‍ഷത്തെ താപനില കഴിഞ്ഞ നൂറ്റാണ്ടിനെക്കാള്‍ പത്തിരട്ടിയായി ഉയര്‍ന്നു കഴിഞ്ഞു. ഇത് നിയന്ത്രിക്കാനായില്ലെങ്കില്‍ ധ്രുവപ്രദേശത്തെ മഞ്ഞുരുകി ഉയരുന്ന ജലനിരപ്പ് കല്‍പ്പാന്തകാലത്തെ പ്രളയം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ജൈവപരിണാമ പ്രക്രിയയിലെ അവസാനത്തെ സന്തതിയായ മനുഷ്യന്‍ ഭൂമിയുടെ അന്തകനായിത്തീരുകയും ചെയ്യും.
പരിസ്ഥിതി അഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ ഭീഷണി ഓസോണ്‍ പാളികളുടെ നാശമാണ്. സൂര്യനില്‍നിന്നും ഭൂമിയിലെത്തുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയെ സംരക്ഷിക്കുന്നത് 18 മുതല്‍ 46 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓസോണ്‍ വലയമാണ്. എന്നാല്‍ മനുഷ്യനിര്‍മിതമായ ക്ലോറോ ഫഌറോ കാര്‍ബണ്‍ എന്ന രാസപദാര്‍ത്ഥം ആയിരക്കണക്കിനു ഓസോണ്‍ തന്മാത്രകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ട് ഓസോണ്‍ പാളികളെ കാര്‍ന്നുതിന്നാന്‍ പര്യാപ്തമായ സിഎഫ്‌സി ഇപ്പോള്‍ത്തന്നെ അന്തരീക്ഷത്തില്‍ കലര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ വന്‍കരയോളം വലുപ്പത്തില്‍ ഓസോണ്‍ പാളികള്‍ ദ്രവിച്ചു കഴിഞ്ഞതായി വിദഗ്‌ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ മനുഷ്യരാശിയുടെ മുകളില്‍ തൂങ്ങിയാടുന്ന ഡെമോക്ലസിന്റെ വാളായി ഇതു മാറിക്കഴിഞ്ഞു.
കേരളത്തില്‍ വര്‍ഷകാലം ആരംഭിച്ചുകഴിഞ്ഞു. നമുക്കു വേണ്ടത്ര മഴ കിട്ടുന്നുണ്ട്. എന്നാല്‍ മഴ പിന്നിടുമ്പോഴേക്കും കുടിവെള്ളത്തിനു വേണ്ടിയുള്ള മരണപ്പാച്ചില്‍ പതിവുകാഴ്ചയായി മാറുകയാണ്. കനിയാത്ത പൈപ്പിനു മുന്നിലെ നീണ്ട ക്യൂ ഇന്ന് കേരളത്തിന്റെ മുഖമുദ്രയാണ്. കാരണം മറ്റൊന്നുമല്ല. മഴവെള്ളം കെട്ടിനില്‍ക്കാനിടമില്ലാത്തതിാല്‍ പുഴയിലേക്കും കടലിലേക്കും ഒഴുകിപ്പോവുന്നു. വര്‍ഷകാലത്ത് നദികള്‍ സംഹാരരുദ്രയെപ്പോലെ നാശനഷ്ടങ്ങള്‍ വിതയ്‌ക്കുകയും വേനല്‍ക്കാലത്ത് വറ്റിവരണ്ടുപോവുകയും ചെയ്യുന്നു. നാട്ടിന്‍പുറങ്ങളില്‍ ജലസ്രോതസ്സായും കിണറുകളിലെ നീരുറവയായും നിലകൊണ്ട കുളങ്ങളും വയലും ചതുപ്പുനിലങ്ങളും തിരിച്ചുവരാത്തവണ്ണം നികത്തിക്കഴിഞ്ഞു. കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴും മലയാളി നിസ്സംഗത കൈവിടാന്‍ തയ്യാറല്ല.
ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. ലോകം ലോക്ഡൗണ്‍ ചെയ്തിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യരാശി മുള്‍മുനയില്‍ നില്‍ക്കുന്ന കാലം. പ്രകൃതി മനുഷ്യനോട് യാതൊരു ദക്ഷിണ്യവും കൂടാതെ പ്രതികരിക്കുന്ന കാലം വിദൂരമല്ലെന്ന സ്റ്റീഫന്‍ ഹോക്കിന്‍സ് നല്‍കിയ മുന്നറിയിപ്പ് ഇവിടെ ഓര്‍ക്കാം. പ്രകൃതിയുടെ അടിസ്ഥാനപരമായ ജൈവഘടനയെ അംഗീകരിക്കാത്ത, അനിയന്ത്രിതമായ പ്രകൃതിചൂഷണത്തെ പ്രോത്‌സാഹിപ്പിക്കുന്ന മുതലാളിത്ത-കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. പരിധിയില്ലാത്ത ഉപഭോഗ ഭ്രാന്ത് സൃഷ്ടിച്ച കമ്പോള സംസ്‌കാരം ആവശ്യങ്ങളെയല്ല, ആര്‍ത്തിയെയാണ് വളര്‍ത്തിയതെന്ന സത്യം നാം തിരിച്ചറിയണം. മഹാത്മജിയും ദീനദയാല്‍ജിയും മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതിനിടെഅതിരില്ലാത്ത വികസനത്തില്‍നിന്നും സുസ്ഥിരമായ വികസനത്തിലേക്ക് നമുക്കു മാറാനാവണം.
നിലനില്‍ക്കുന്ന വികസനം ഭാവിതലമുറകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ബുദ്ധിമുട്ടുണ്ടാവാതെ ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനമാണ്. പണ്ട് ഉല്‍പാദനം ഉപഭോഗത്തിനുവേണ്ടിയായിരുന്നുവെങ്കില്‍ ഇന്ന് ഉപഭോഗം ഉത്പാദനത്തിനുവേണ്ടിയായി. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍, മാതൃകാപരമായ ക്രമീകരണംകൂടിയേ തീരൂ. മനുഷ്യന്റെ ആവശ്യങ്ങള്‍ നിവേറ്റാനാവശ്യമായ എല്ലാം ഭൂമിയിലുണ്ട്. നിന്റെ ആവശ്യത്തിനുള്ളത് എടുക്കാം. അതിനുമപ്പുറത്തേക്ക് കടക്കരുത്. കടന്നാല്‍ ഞാന്‍ നിന്നെ കള്ളനെന്നു വിളിക്കുമെന്ന് ഗാന്ധിജി പറഞ്ഞു. നമുക്ക് സ്വയം കള്ളന്മാരാവാതിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: