അപാരമായ തലയെടുപ്പ്. ഉന്നതമായ ആദര്‍ശനിഷ്ഠ. വിട്ടുവീഴ്ച യില്ലാത്ത ദേശീയബോധം. സാംസ്കാരികപാരമ്പര്യത്തിലടിയുറച്ച കാഴ്ചപ്പാട്. വിവിധ മേഖലകളിലുള്ള അഗാധപാണ്ഡിത്യം. ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍. ജീവിതത്തിലുടനീളം ദീക്ഷിച്ച സമര്‍പ്പണം, ആത്മാര്‍ഥത, കര്‍ത്തവ്യബോധം. അടുത്തെത്തുന്ന ഏതൊരാളിലേക്കും പ്രസരിക്കുന്ന വ്യക്തിപ്രഭാവം. ഉന്നതസ്ഥാനത്തിരിക്കുന്നവരില് പൊതുവെ കണ്ടുവരാറുള്ള ‘ഈഗോ’ തൊട്ടുതെറിച്ചിട്ടില്ലാത്ത അപൂര്‍വം മനുഷ്യരില്‍ ഒരാള്‍. ഇതൊക്കെയായിരുന്നു വി.എം കൊറാത്ത് എന്ന പി.കെ വേലായുധമേനോന്‍ കൊറാത്ത്.
വെളുത്തുതുടുത്ത മുഖം. കഷണ്ടി കയറിയ വിശാലമായ നെറ്റിയില്‍ ചന്ദനക്കുറി. കറുത്ത ഫ്രെയിമുള്ള വലിയ കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍. കട്ടിമീശയോടു ചേര്‍ത്തുവച്ച നനുത്ത പുഞ്ചിരി. വെളുത്ത ഖദര്‍ജുബ്ബ. കൊറാത്തുസാറിനെ ആദ്യമായി കാണുന്ന ഒരാളുടെ മനസ്സില്‍ പതിയുന്ന ചിത്രം ഇങ്ങനെയാണ്. തിക്കോടിയന്റെ ആത്മകഥയായ ‘അരങ്ങു കാണാത്ത നടനി’ല്‍ സൂചിപ്പിക്കുന്ന ‘തമ്പുരാന്‍കുട്ടി’. അടുത്തറിയുന്നവര്‍ക്ക് അദ്ദേഹം ഇളനീരിന്റെ മാധുര്യമുള്ള നിലാവാണ്. ഗുരു, ചങ്ങാതി, വാത്സല്യമതി എന്നിവയെല്ലാം ചേര്‍ന്ന ഉറ്റബന്ധു. മുതിര്‍ന്നവര്‍ക്ക് സഹോദരതുല്യന്‍. യുവാക്കള്‍ക്ക് പിതൃതുല്യന്‍.
താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും കൊറത്ത് സാറിന്റെ വൈഭവം അത്തരത്തിലുള്ളതായിരുന്നു. എഡിറ്റര്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ മാത്രമല്ല പത്രപ്രവര്‍ത്തകരുടെ അവകാശം നേടിയെടുക്കുന്നതിനുള്ള സമരനായകനെന്ന നിലയിലും ആ മേഖലയില്‍ എക്കാലത്തും മികച്ച മാതൃകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യനിഷേധത്തിനെതിരെ പൊരുതുകയെന്നത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി വളര്‍ന്നത് ചെറുപ്പത്തില്‍ത്തന്നെയായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ തുടങ്ങി അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിരോധമായി വളര്‍ന്ന് ജീവിതാന്ത്യംവരെ അത് നിലനിന്നു. ക്ഷേത്രവിമോചനത്തിനായി കേളപ്പജിയോടൊപ്പം നടത്തിയ പ്രക്ഷോഭങ്ങളും ആ ദൗത്യത്തിന്റെ ഭാഗംതന്നെയായിരുന്നു. സാംസ്കാരികപ്രസ്ഥാനമെന്ന നിലയില്‍ തപസ്യ കലാസാഹിത്യവേദിയെ നയിച്ചതും അതിന് അനുബന്ധമായാണ്.
ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള അക്ഷരച്ചാലിലൂടെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും ആശയസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനായിരുന്നു. കപടവാദങ്ങളുടെ പൊയ്മുഖങ്ങളെ അഴിക്കാനായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠ ജീവകോശങ്ങളില്‍ നിറച്ച് കേരളത്തിലെ സാംസ്കാരികരംഗത്ത് തണല്‍വിരിച്ചു നിന്നിരുന്ന വി.എം കൊറാത്തിന്റെ ജീവിതം അടുത്തിടപഴകിയവരുടെ മനസ്സില്‍ അമൃതസ്മരണകള്‍ എപ്പോഴും അവരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. പൊതുരംഗത്ത് സമാനതകളില്ലാത്ത ഇത്തരം അപൂര്‍വ വ്യക്തിത്വങ്ങളെ പുതുതലമുറകള്‍ അറിയേണ്ടതുണ്ട്. വി.എം കൊറാത്ത് എഴുതിയ ആത്മകഥ മാത്രമേ റഫറന്‍സിനായി ബാക്കിയുള്ളൂ. അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ പച്ചയായി ലഭിക്കാന്‍ നിരന്തരസമ്പര്ക്കത്തിലേര്പ്പട്ടവരുടെ മനസ്സില്‍ പരതുകയേ നിവൃത്തിയുള്ളൂ.
വ്യക്തിശുദ്ധിയും ആദര്‍ശശുദ്ധിയും തെളിഞ്ഞ കാഴ്ചപ്പാടും ജീവിതചര്യയാക്കിയ അദ്ദേഹത്തെപ്പോലൊരാളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി കൊറാത്ത് സാറിനു വേണ്ടി അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ശ്രാദ്ധകര്‍മ്മം പോലെ ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക. അദ്ദേഹത്തിന്റെ സമഗ്രമായ ഒരു ജീവചരിത്രം തയാറാക്കുക. ഉണങ്ങാത്ത മഹാവൃക്ഷമായി അദ്ദേഹം നമ്മുടെ പൊതുബോധത്തില്‍ എന്നും പ്രകാശസംശ്ലേഷണം നടത്തിക്കൊണ്ടിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: