പെരിന്തല്‍മണ്ണ(മലപ്പുറം): കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പേഴ്സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി തമിഴ്നാട് സ്വദേശിനി പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തി. പോലീസുകാരന് ആവശ്യപ്പെട്ടതനുസരിച്ച് യുവതി പരാതിയും എഴുതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് അത് സംഭവിച്ചത്, യുവതി ശരിക്കും താന്‍ ആരാണെന്ന് പരിചയപ്പെടുത്തി. എം.ഹേമലത ഐപിഎസ്, പുതിയ എഎസ്പി. തുണിക്കടയിലെ ജീവനക്കാരിയാണെന്ന വ്യാജേന തങ്ങളുടെ മുന്നില്‍ പരാതിയുമായെത്തിയത് മേലുദ്യോഗസ്ഥയാണെന്ന് അറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍, പിന്നെ അത്ഭുതം.
എഎസ്പിയായി ചുമതലയേറ്റതിന് ശേഷം ഞായറാഴ്ചയാണ് എം.ഹേമലത പെരിന്തല്‍മണ്ണ സ്റ്റേഷനിലെത്തിയത്. പുതിയ ആളായതിനാലും യൂണിഫോമിലല്ലാതിനാലും എഎസ്പിയെ പോലീസുകാര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണ് രസകരമായ സംഭവം അരങ്ങേറിയത്. പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറിയെത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എം.ഹേമലത ഐപിഎസ് പറഞ്ഞു.
പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജിയെന്ന പോലീസുകാരനെ പ്രത്യേകം അഭിനന്ദിച്ചു. ഷാജി തന്നോട് വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും തമിഴ്നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ചെന്നും അവര്‍ പറഞ്ഞു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും അഭിനന്ദിച്ച ശേഷമാണ് എഎസ്പി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: